നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിവാദ പരാമർശവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഈ വിധിയിൽ സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയിൽ ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി തേടിയിരിക്കുകയാണ് മലയാളി അഭിഭാഷകൻ .
ഇത്തരത്തിൽ ഒരു ഹർജി നൽകാനുള്ള അനുമതിക്കായി അറ്റോർണി ജനറലിന് കത്തയച്ചു. കോടതിയലക്ഷ്യ നിയമത്തിലെ 15–ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
വിവാദത്തിന് കാരണമായ ഉപരാഷ്ട്രപതിയുടെ പരാമർശം ഇങ്ങനെയാണ്:
‘‘നമ്മൾ എവിടേക്കാണ് പോകുന്നത്? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി വിലപേശേണ്ടി വന്നിട്ടില്ല. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു.
തീരുമാനമെടുത്തില്ലെങ്കിൽ അത് നിയമമാകും. നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ട്. കാരണം അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല’’