| ശ്രീകാന്ത് പികെ
2014 ലോ 2015 – ലോ മറ്റോ ആണെന്ന് തോന്നുന്നു, “ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല” എന്ന് പോപ്പ് ഫ്രാൻസിസ് പ്രസ്ഥാവിച്ചത്. ബിംഗ് ബാങ്ങ് തിയറിയേയും, പരിണാമ സിദ്ധാന്തത്തെ കുറിച്ചുമൊക്കെമുള്ള ചർച്ചയിൽ ഇവല്യൂഷൻ തിയറിയെ പിന്തുണച്ച പോപ് ഫ്രാൻസിസ് ആറ് ദിവസം കൊണ്ട് ദൈവം സൃഷ്‌ടിച്ച ലോകമെന്ന സാംബ്രദായിക ക്രിസ്ത്യൻ വിശ്വാസത്തിന് നേരെ കൂടെയുള്ള വലിയ സ്റ്റേറ്റ്മെന്റാണ് ദൈവം മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല എന്ന് പറഞ്ഞതിലൂടെ നടത്തിയത്.
അന്ന് കൂടെ ജോലി ചെയ്തിരുന്ന വെറും 23-24 വയസ് മാത്രം പ്രായം വരുന്ന ഒരു യാഥാസ്ഥതിക വിശ്വാസി ആ വാർത്ത കണ്ടപ്പോൾ അസ്വസ്ഥമായി പറഞ്ഞത് ‘അന്തി ക്രിസ്തു വരുമെന്നാണ് പറയുന്നത്, ഇനി ഇയാളാണോ അന്തി ക്രിസ്തു’ എന്നാണ്. പല ഓർത്തഡോക്സ് കൃസ്ത്യൻ വിശ്വാസങ്ങളും അവരുടെ യഥാസ്ഥതിക ആചാരങ്ങളും മാറ്റി പണിത പല നടപടികളും പിന്നീട് പോപ് ഫ്രാൻസിസ് നടപ്പിലാക്കുന്നത് കണ്ട് പല്ലിറുമിയ പലരേയും കണ്ടിട്ടുണ്ട്.
കുടിയേറ്റ വിഷയത്തിൽ മുതൽ ലൈംഗീക ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വരെയുള്ള അനേകം വിഷയങ്ങളിലെ നിലപാടുകൾ പോപ്പ് ഫ്രാൻസിനെ കമ്യൂണിസ്റ്റ് പോപ്പ് എന്ന വിശേഷണമാണ് വലതു പക്ഷം ചാർത്തി കൊടുത്തത്. കാത്തോലിക്കാ സഭയുടെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്ന മനുഷ്യൻ തനിക്ക് നേരെ വന്ന ‘കമ്യൂണിസ്റ്റ്’ എന്ന ലാബലിനോട് തെല്ലും കൂസലില്ലാതെ പ്രതികരിക്കുകയും ചെയ്തു. “സുവിശേഷത്തെ സാമൂഹ്യശാസ്ത്രപരമായി മാത്രം കാണുകയാണെങ്കിൽ ഞാൻ ഒരു കമ്യൂണിസ്റ്റാണ്, ജീസസും കമ്യൂണിസ്റ്റാണ്”. എന്ന് മാർപ്പാപ്പ മറുപടി നൽകി.
യേശു ഇന്ന് ജീവിച്ചിരുന്നെകിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃ സ്ഥാനത്തുണ്ടാകുമായിരുന്നു എന്ന് എം.എ ബേബി ഈ ദിവസങ്ങളിൽ പറഞ്ഞതിനെ പരിഹസിക്കാൻ ഇറങ്ങിയവർ ഇത് കേട്ട് കാണില്ല. പോപ്പ് ഫ്രാൻസിസ് ആ സാമൂഹ്യ ശാസ്ത്രത്തെ ദൈവ ശാസ്ത്രവുമായി വിളക്കിച്ചേർക്കാനായിരുന്നു ശ്രമിച്ചിരുന്നത്.
നിയോ ലിബറൽ എക്കോണമിയുടെ ശക്തനായ വിമർശകനായിരുന്നു പോപ്പ് ഫ്രാൻസിസ്. ലോകത്ത് അസമത്വം വിതക്കുന്ന മുതലാളിത്ത ആഗോള സാമ്പത്തിക വ്യവസ്ഥയോടുള്ള എതിർപ്പുകളിൽ, പോപ്പ് കമ്യൂണിസ്റ്റുകാരുടെ വിമർശനം ഏറ്റെടുക്കുകയാണെന്ന് പറഞ്ഞവരോട് അദ്ദേഹം പറഞ്ഞത്, “അത് എനിക്കറിയില്ല, പക്ഷെ കമ്യൂണിസ്റ്റുകാർ പറഞ്ഞു എന്നത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല എന്നാണ്.”
തന്റെ മുൻഗാമികൾ ഏതാണ്ട് മുഴുവനും ശീതയുദ്ധക്കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രൊപ്പഗാണ്ടയിൽ ആത്മീയ രൂപത്തിൽ ഭാഗമായപ്പോൾ, ലാറ്റിൻ അമേരിക്കയിലെ അടക്കമുള്ള സോഷ്യലിസ്റ്റ് ഗവണ്മെന്റുകളോട് വലിയ അടുപ്പവും സഹോദര്യവും പോപ്പ് ഫ്രാൻസിസ് പുലർത്തി. ഏറ്റവും ഒടുവിൽ ഫലസ്‌തീനിയൻ ജനതക്കായി സമാധാനം പുനസ്ഥാപിക്കാനുള്ള സന്ദേശമാണ് അവസാന കാലത്തും പോപ്പ് ഫ്രാൻസിസ് ആവർത്തിച്ചു പറഞ്ഞത്. ആത്മീയ വഴി വിപ്ലവ വഴിയായി തെരഞ്ഞെടുത്ത പോപ്പ് എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്.
നൂറ്റാണ്ടുകളുടെ മത യാഥാസ്ഥതികതയുടെ വേരുകൾ ആഴ്ന്നിറങ്ങിയ ആ ആത്മീയ വഴിയിൽ എത്ര കണ്ടൊരു വിപ്ലവം കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചു എന്നറിയില്ല, എന്നാൽ ലോകത്തെ വിഴുങ്ങുന്ന വെറുപ്പിന്റെ – തീവ്ര വലത് രാഷ്ട്രീയാശയങ്ങളുടെ മേൽക്കോയ്മയിൽ കാത്തോലിക്കാ സഭാ തലപ്പത്ത് ഇനിയൊരു പത്ത് വർഷക്കാലമെങ്കിലും പോപ് ഫ്രാൻസിസ് ബാക്കിയുണ്ടാകണമായിരുന്നു.
ഒരു മത നേതൃത്തിന്റെ തലവൻ – ഒരു പോപ്പ് വിടപറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത ഇത്രയധികം മനുഷ്യർ ആത്മാർത്ഥമായും വിഷമിക്കുന്ന അപൂർവ്വ സന്ദർഭം കൂടിയാണിത്. മത വിശ്വാസികളോടുള്ള പാർടി നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മഹാനായ ലെനിന്റെ മറുപടി പോലെ ‘ ഒരു പുരോഹിതൻ പാർടി പരിപാടി അംഗീകരിച്ച് ചൂഷകർക്കെതിരെ സമരത്തിനിറങ്ങുകയാണെങ്കിൽ, ആ പുരോഹിതൻ എന്റെ സഖാവാണ്.’