തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു വിഎൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ വർഷത്തെ പൂരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളുടെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. 61 ആംബുലൻസുകളാണ് പല സ്ഥലങ്ങളിലായി സജ്ജീകരിക്കുക. 18 ലക്ഷത്തോളം പേർ ഇത്തവണ പൂരത്തിന് എത്തുമെന്നാണ് കണക്കാക്കുന്നത്. 4000 പൊലീസുകാരാണ് ഇക്കൊല്ലത്തെ പൂരത്തിന് സുരക്ഷയൊരുക്കുക.
പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥലത്ത് നിയോഗിക്കും. കെഎസ്ആർടിസി അധികമായി 50ൽ പരം സർവീസുകൾ പൂരത്തിന് നടത്തും. ആനകളെ ചൂടിൽ നിന്ന് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്. ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പൂരം നടക്കുന്ന ദിവസം നിറുത്തി വെക്കാൻ ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി.
ഇത്തവണ വിഐപി ഗ്യാലറി ഉണ്ടാകില്ല. ടൂറിസ്റ്റുകൾക്ക് മാത്രമായിരിക്കും ഗ്യാലറി സംവിധാനം. രാത്രി പൂരങ്ങള്‍ക്ക് തടസമായി ബാരിക്കേഡുകൾ ഉണ്ടാകില്ലെന്നും രാത്രി പൂരത്തിന് ശേഷമെ ആളുകളെ ഒഴിപ്പിക്കൂ എന്നും അധികൃതർ അറിയിച്ചു. തൃശ്ശൂർ പൂരത്തിന് 72 മണിക്കൂർ ഡ്രോൺ നിരോധനവും ഏർപ്പെടുത്തിയട്ടുണ്ട്.