കാശ്‌മീരിലെ പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ.
സാധാരണക്കാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന്‍റ പേരിൽ കശ്‌മീരികളെയും മുസ്ലിങ്ങളെയും വേട്ടയാടരുതെന്ന് ഹിമാൻഷി നർവാൾ അഭ്യർഥിരുന്നു. ഇതാണ് സംഘപരിവാർ അനുകൂലികളുടെ അപ്രീതിക്ക് കാരണമായത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങൾക്കെതിരെ ഹിന്ദുത്വ അനുകൂല അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപക വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടാണ് ഹിമാൻഷിയുടെ പ്രതികരിച്ചതെന്നാണ് ഒരു വിദ്വേഷ പ്രചരണം. കശ്‌മീരിൽ പോയത് അവരുടെ താൽപര്യത്തിനാണ് തുടങ്ങിയ വ്യക്തി അധിക്ഷേപങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
‘ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കുന്നില്ല, ഫോട്ടോക്ക് പോസ് ചെയ്‌തിരിക്കുകയാണ്’ തുടങ്ങിയ വിഷലിപ്‌തമായ അധിക്ഷേപങ്ങളും കൂട്ടത്തിലുണ്ട്. വിദ്വേഷം വമിപ്പിച്ചവർക്ക് എതിരെ നിരവധിപേർ ഹിമാൻഷിക്ക് പിന്തുണയുമായും രംഗത്തെത്തി.
വിദ്വേഷ പ്രചരണം പാടില്ലെന്നും സമാധാനം ആവശ്യപ്പെട്ടും ഹിമാൻഷി നടത്തിയ പ്രതികരണത്തിൽ പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ ഉൾപ്പെടെ നിരവധിപേർ രംഗത്ത് എത്തിയിരുന്നു.