ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരൻ്റെ ശ്രമം. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ത്യൻ മാധ്യമ പ്രവർത്തകരെ ഫോണില്‍ ബന്ധപ്പെട്ടാണ് വിവര ശേഖരണത്തിന് ശ്രമിച്ചത്. പാക്കിസ്ഥാൻ സായുധ സേനയുടെ മീഡിയ പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) വിഭാഗമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് വിവരം.
+91 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്നുള്ള കോളുകൾക്ക് മറുപടി നൽകുന്നതിനെതിരെ ഇന്ത്യൻ ഉദ്യോഗസ്ഥർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെറ്റ്‌വർക്ക് 18-ലെ മാധ്യമ പ്രവർത്തകർക്കും ഇത്തരം ഫോൺ കോളുകൾ ലഭിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൻ്റെ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്.
ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ന്യൂഡൽഹിയിൽ ഉച്ചയ്ക്ക് 2.30ന് നടക്കാനിരിക്കുന്ന സൈനിക സംയുക്ത വാർത്താ സമ്മേളനത്തെ കുറിച്ചാണ് വിളിച്ചയാൾ ചോദിച്ചത്. ഇന്ത്യയിലും ഇന്ത്യൻ വ്യോമ താവളങ്ങളിലും സംഭവിച്ച “നാശനഷ്‌ടം” സംബന്ധിച്ച് വാർത്താ സമ്മേളനത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും അറിയാൻ ശ്രമിച്ചു.
‘ഓപ്പറേഷൻ സിന്ദൂർ’ പുരോഗമിക്കുന്നതിനിടെ, ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച് മാധ്യമ പ്രവർത്തകരെയും സിവിലിയന്മാരെയും വിളിച്ച് നിലവിലുള്ള സാഹചര്യത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്ഥാൻ ഇൻ്റെലിജൻസ് ഓപ്പറേറ്റീവ്സ് (പി.ഐ.ഒ) ഇന്ത്യൻ വാട്ട്‌സ് ആപ്പ് നമ്പർ: 7340921702 ഉപയോഗിച്ചിരുന്നു. ദയവായി അത്തരം ശ്രമങ്ങളിൽ വീഴരുതെന്ന് ഇന്ത്യ പ്രതിരോധ ഉദ്യോഗസ്ഥർ ഒരു പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ്റെ ഐ.എസ്.പിആറിൽ നിന്നാണെന്ന് കരുതപ്പെടുന്ന ഇത്തരം ഫോൺ കോളുകൾ യുദ്ധ-വാർത്തകൾ കൈകാര്യം ചെയ്യുന്ന മറ്റു മാധ്യമ പ്രവർത്തകർക്കും ലഭിച്ചതായി വിവരങ്ങൾ പുറത്തു വന്നു.
(ചിത്രം: X ഐ.എസ്.പി.ആര്‍ ഡയറക്ടർ ജനറൽ അഹമ്മദ് ഷരീഫ് ചൗധരി)