...
Home Entertainments ‘സ്വന്തം ചേട്ടനെപ്പോലെയായിരുന്നു’; രഘുവരനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് ഉർവശി

‘സ്വന്തം ചേട്ടനെപ്പോലെയായിരുന്നു’; രഘുവരനൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് ഉർവശി

ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വ്യൂഹം’ എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ രസകരമായ അനുഭവമാണ് ഉർവശി പങ്കുവെച്ചത്. മീഡിയവൺ ഷോ മാളിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

3

വേറിട്ട അഭിനയശൈലിയിലൂടെ പ്രേക്ഷക മനസിൽ ഒരിക്കലും മായാത്ത ഇടം നേടിയ നടനാണ് രഘുവരൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം ശ്രദ്ധേയമായ പ്രകടനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. രഘുവരനൊപ്പമുള്ള തന്റെ ഓർമകളിൽ ചിലത് പങ്കുവെച്ചിരിക്കുകയാണ് നടി ഉർവശി.

ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘വ്യൂഹം’ എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ രസകരമായ അനുഭവമാണ് ഉർവശി പങ്കുവെച്ചത്. മീഡിയവൺ ഷോ മാളിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടനും സ്വന്തം ചേട്ടനെപ്പോലെയുമായിരുന്നു രഘുവരൻ. ‘വ്യൂഹം’ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആദ്യ ദിവസം എറണാകുളത്തെ ഒരു ആശുപത്രിയിലായിരുന്നു ഷൂട്ട്. ഞാൻ കയറി ചെല്ലുമ്പോൾ ‘രഘുചേട്ടാ’ എന്ന് വിളിച്ച് ഓടിച്ചെന്ന് സുഖവിവരം ചോദിച്ചു. എന്നാൽ അദ്ദേഹം സീനിലാണെന്നും കുറച്ചുനേരം കാത്തിരിക്കണമെന്നും പറഞ്ഞു,” ഉർവശി ഓർത്തെടുത്തു.

രഘുവരൻ കഥാപാത്രത്തിന്റെ മാനസികാവസ്ഥയിലേക്ക് പൂർണമായി കടന്നുചെല്ലുന്ന രീതിയെക്കുറിച്ചും ഉർവശി രസകരമായി സംസാരിച്ചു. വെടിവെപ്പ് രംഗത്തിനായി ഫൈറ്റ് മാസ്റ്ററുടെ കൈയിൽനിന്ന് തോക്ക് വാങ്ങി വിവിധ ആക്ഷനുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു രഘുവരനെന്നും ഉർവശി പറഞ്ഞു.

“ഞാൻ അത് കണ്ട് ചിരിച്ചപ്പോൾ എന്താണ് ചിരിക്കുന്നതെന്ന് ചോദിച്ചു. ഷോട്ട് എടുക്കുമ്പോൾ മാത്രം ഇതൊക്കെ കാണിച്ചാൽ പോരേയെന്ന് ഞാൻ ചോദിച്ചു. എന്നാൽ തനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും മറ്റൊരു മുറിയിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. വേറൊരു മൂഡിലേക്ക് വരേണ്ടതുണ്ടെന്നും പറഞ്ഞു,” ഉർവശി പറഞ്ഞു.

തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങിലുടനീളം രഘുവരനെ കളിയാക്കാറുണ്ടായിരുന്നുവെന്നും ഉർവശി കൂട്ടിച്ചേർത്തു. “രഘുചേട്ടാ, നാളെ എന്നെ ഇടിക്കുന്ന വല്ല സീനുമാണോ? അങ്ങനെയാണെങ്കിൽ ഞാൻ ഷോട്ടിന്റെ സമയത്ത് മാത്രമേ വരൂ എന്ന് പറയും,” എന്നായിരുന്നു ഉർവശിയുടെ തമാശ.

1990ൽ പുറത്തിറങ്ങിയ ‘വ്യൂഹം’ സംവിധാനം ചെയ്തത് സംഗീത് ശിവനാണ്. സുകുമാരൻ, ക്യാപ്റ്റൻ രാജു, ബാബു ആന്റണി, രാജൻ പി. ദേവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.