ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്ഫോൺ വിൽപ്പന മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. അതേസമയം, ഒമ്പത് പാദങ്ങൾക്കുശേഷം സാംസങ് വിപണിയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
മെമ്മറി ചിപ്പുകളുടെ വില റെക്കോർഡ് നിലയിലേക്ക് ഉയർന്നതാണ് വിപണിയിലെ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചിപ്പ് വില വർധിച്ചതോടെ ഫോണുകളുടെ നിർമാണച്ചെലവും ഉയർന്നു. ഇതിന്റെ ഭാഗമായി കമ്പനികൾ വില വർധിപ്പിച്ചതും ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനങ്ങളെ ബാധിച്ചു. നിലവിലെ സാഹചര്യം തുടർന്നാൽ 2026-ലെ മൊത്തം സ്മാർട്ട്ഫോൺ വിപണിയിൽ 13 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് വിലയിരുത്തി.
വിലവർധനയുടെ ആഘാതം ബജറ്റ് സ്മാർട്ട്ഫോൺ വിഭാഗത്തിലാണ് കൂടുതൽ പ്രകടമായത്. 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ വിൽപ്പന 47 ശതമാനം കുറഞ്ഞു. പ്രത്യേകിച്ച് 15,000 രൂപയിൽ താഴെയുള്ള ഫോണുകൾ വാങ്ങുന്നവർ പുതിയ ഉപകരണം വാങ്ങുന്നത് മാറ്റിവയ്ക്കുന്നതായാണ് വിലയിരുത്തൽ.
വിപണി വിഹിതത്തിൽ സാംസങ് മുന്നിൽ
റിപ്പോർട്ട് പ്രകാരം 17 ശതമാനം വിപണി വിഹിതവുമായി സാംസങ് ഒന്നാം സ്ഥാനത്തെത്തി. ഓൺലൈൻ, ഓഫ്ലൈൻ വിപണികളിലെ പ്രവർത്തനങ്ങളും ഗാലക്സി എ സീരീസ് ഫോണുകളുടെ വിൽപ്പനയുമാണ് നേട്ടത്തിന് സഹായകമായത്. ആദ്യ അഞ്ച് ബ്രാൻഡുകളിൽ വളർച്ച രേഖപ്പെടുത്തിയ ഏക കമ്പനി സാംസങാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിപണി വിഹിതത്തിൽ വിവോ 16 ശതമാനവുമായി രണ്ടാമതും ഒപ്പോ 12 ശതമാനവുമായി മൂന്നാമതുമാണ്. ഷവോമിയും ആപ്പിളും എട്ട് ശതമാനം വീതം വിഹിതം നേടി. വിലസമ്മർദം ചൈനീസ് ബ്രാൻഡുകളുടെ സംയോജിത വിപണി വിഹിതത്തെയും ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആഭ്യന്തര ബ്രാൻഡായ ‘എഐ+’ വിൽപ്പനയിൽ 306 ശതമാനം വളർച്ച രേഖപ്പെടുത്തി. വിപണിയിലെ മറ്റ് പ്രധാന ബ്രാൻഡുകളെ അപേക്ഷിച്ച് ഏറ്റവും വേഗത്തിൽ വളർന്ന കമ്പനിയായി എഐ+ ഉയർന്നുവന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചിപ്പ് വിലയിലെ വർധനയും സ്മാർട്ട്ഫോണുകളുടെ ഉയർന്ന വിലയും വരും മാസങ്ങളിൽ വിപണിയെ എങ്ങനെ ബാധിക്കുമെന്നതിലാണ് ഇനി ശ്രദ്ധ.



