| ശ്യാം സോർബ
ആവാസവ്യൂഹം എന്ന സിനിമയിലൂടെ തന്റെ ക്രാഫ്റ്റ് അറിയിച്ച കൃഷന്ദ് ഇതാ പുരുഷപ്രേതത്തിലൂടെ അത് അടിവരയിട്ട് ഉറപ്പിക്കുന്നു. മലയാളത്തിൽ ഒരു നിയോ നോയർ പരീക്ഷണം. ആവസവ്യൂഹം പോലെ ചില അസംബന്ധ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് തന്നെയാണ് പുരുഷപ്രേതവും മുന്നോട്ട് പോകുന്നത്. ഇനിയെന്ത്, എന്നൊരു തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാക്കുന്ന, എങ്കിൽ കാഴ്ചക്കാർ വിചാരിക്കാത്ത തരത്തിൽ മറ്റൊരു ഗതിമാറ്റവുമായി കഥയുടെ വളർച്ച.
പലപ്പോഴും തന്റെ ഇന്റർവ്യൂകളിൽ പറഞ്ഞത് പോലെ തന്നെ കൃഷന്ദ് ഒരു മികച്ച സ്റ്റോറി മേക്കർ അല്ല, ഒരു ഗംഭീര ക്രാഫ്റ്റ്മാൻ ആണ് എന്ന് പറയേണ്ടതായി വരും. അതിമനോഹരമായ ഒരു അസമ്പന്ധ – നർമ്മ രൂപത്തിൽ ആണ് കഥ പറഞ്ഞു വെക്കുന്നത്. നിരവധി മുഖങ്ങളുടെ നിരവധി ഫ്രെയിമുകൾ ഒരേ സ്ഥലത്ത് ഒരു ഹ്യൂമൻ ആർട്ട് ഇൻസ്റ്റലേഷൻ പോലെ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്നു പുരുഷപ്രേതം എന്ന സിനിമ.
ഒരു അജ്ഞാതശവത്തെ ചുറ്റിപ്പറ്റി ആരംഭിക്കുന്ന കഥ, ഒരു കഥാപാത്രത്തിന്റെ വരവോടെ മാറുന്ന കഥാഗതി, പ്രതീക്ഷിക്കാത്ത തരത്തിൽ ഒരു ഗതിമാറ്റം. റാപ്പ് മ്യൂസിക് ന്റെ അകമ്പടിയോടെയുള്ള സംഗീത സകലങ്ങൾ, വർണ്ണചിത്രീകരണങ്ങൾ. എങ്കിലും രണ്ടരമണിക്കൂർ നീളത്തിൽ ഈ കഥ പറയേണ്ടതുണ്ടോ എന്നൊരു സംശയം ഉടലെടുക്കുന്നു, പക്ഷെ കൃഷന്ദ് എന്ന സംവിധായകൻ കയ്യടക്കത്തോടെ അതിന് ഉത്തരവും നൽകുന്നു.
പ്രധാന കഥാപാത്രം ആയ എസ് ഐ സെബാസ്റ്റ്യൻ അഥവാ സൂപ്പർ സെബാസ്റ്റിയൻ എന്ന കഥാപാത്രം – അതിമനോഹരമായ പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിച്ചു എന്ന് പറയാതെ വയ്യ. അഭിനേതാക്കളായ ജഗതിഷ്, ദർശന തുടങ്ങിയവരും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ സുരക്ഷിതമാക്കുന്നു. “മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്നു” എന്ന ലാർഡ് ക്ലെപ്പർ സ്വീഡിഷ് എഴുത്തുകാരുടെ ഉദ്ധരണി കടമെടുത്ത് കൊണ്ട് സംവിധായകൻ നമ്മെ നോക്കി ചിരിക്കുന്നു. “
ഈ സിനിമയെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വായിക്കാം. ഒരു ഹാസ്യ സിനിമ ആയോ, ഒരു ക്രൈം ത്രില്ലെർ ആയോ, സിസ്റ്റത്തിനു എതിരെ ഉള്ള ഒരു പോരാട്ട കഥ ആയോ ഒക്കെ വായിക്കാം. അത് തീർത്തും നിങ്ങളിൽ അധിഷ്ഠിതമാണ്.
സാങ്കേതികവശങ്ങളിൽ, പ്രതേകിച്ചു ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് എന്നിവ മികച്ചു നിന്നതായി അനുഭവപ്പെടുന്നു. എടുത്ത് പറയേണ്ടത് അജ്മൽ ഹസ്‌ബുള്ളയുടെ സംഗീതം തന്നെയാണ്. എന്തുകൊണ്ടും “പുരുഷപ്രേതം” ഒരു നല്ല നിർമ്മിതിയാണ്. അവതരണം കൊണ്ടും ക്രാഫ്റ്റ് കൊണ്ടും.