| ജലീൽ കാളിയത്ത്
എന്തിന്റെ പേരിലായാലും, രാഹുൽ ഗാന്ധിക്ക് ഐക്യധാർഢ്യം പ്രകടിപ്പിക്കുമ്പോൾ, കേരളത്തിലെ ഇടതുപക്ഷ അനുഭാവികൾ എങ്കിലും അതിന്റെ ഭവിഷ്യത്ത് ഓർക്കുന്നത് നന്നായിരിക്കും. കോൺഗ്രസ്സ് ഇന്ത്യയിൽ ഒരു അസ്ഥിക്കൂടം ആയിട്ടെങ്കിലും നിലനിൽക്കേണ്ടത് ആവശ്യമായി വരുന്നത് നിലവിൽ ബിജെപിക്ക് മാത്രമാണ് എന്ന് തിരിച്ചറിയാൻ, കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ഒന്ന് പഠിച്ചാൽ മതിയാവും.
കഴിഞ്ഞ ദശകത്തിൽ നാം കണ്ട റിസോർട്ട് നാടകങ്ങളും, അതിനോടനുബന്ധിച്ചു ഉണ്ടായ രാഷ്ട്രീയ മാലിന്യ സംസ്കാരങ്ങളിലും, ഏറ്റവും പ്രധാന പങ്ക് വഹിച്ചു, ഇന്ന് ബിജെപിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കി കൊടുത്തതിൽ കോൺഗ്രസിനുള്ള പങ്ക് വിസ്മരിക്കുന്നവർ ഇന്ത്യൻ രാഷ്ട്രീയം തിരിച്ചറിയാൻ പാകപ്പെട്ടിട്ടില്ലാത്തവർ ആണ് എന്ന് തന്നെ പറയേണ്ടി വരും.
രാഹുൽ ഗാന്ധി ഒട്ടും രാഷ്ട്രീയ പക്വത ഇല്ലാത്ത വ്യക്തിയാണെന്നും, ഉപചാപക വൃന്ദങ്ങളാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത് എന്നും അറിയാവുന്ന സംഘപരിവാരവും, കോർപറേറ്റുകളും കൂടി കളിച്ച നാടകത്തിന്റെ ഉജ്വല മുഹൂർത്തമാണ്, അദ്ദേഹത്തിന്റെ എതിരെയുള്ള ഈ നടപടികളും, അതിൽ അദ്ദേഹത്തിന് ഉണ്ടായ അനുഭാവ തരംഗങ്ങളും.
കാര്യം കൃത്യമായി മനസ്സിലാക്കും മുന്നേയുള്ള, രാഹുൽ ഗാന്ധി ഐക്യദാർഢ്യം ഇന്ത്യയിൽ എവിടെയാണ് ചലനം ഉണ്ടാക്കുക..?? എന്ന് ചോദിച്ചാൽ, അത് കേരളത്തിൽ മാത്രം.. എന്നാവും ഉത്തരം കിട്ടുക. പാർലിമെന്റിലേക്ക് കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കൂടുന്നതിനെയാണ് സംഘപരിവാരം ഭയക്കുന്നത്, മറ്റുള്ളവർ അവർക്ക് എപ്പോൾ വേണമെങ്കിലും വിലക്ക് വാങ്ങാവുന്നവരാണ് അത് കൊണ്ടു കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കുറക്കുക എന്ന, സംഘ പരിവാർ അജണ്ടയാണ് ഇവിടെ തിരിച്ചറിയേണ്ടത്.
രാഹുൽ ഗാന്ധിക്ക് ഉത്തരേന്ത്യയിൽ ഒരിടത്തും ഈ സഹതാപ തരംഗം ഇല്ലാതാവുകയും, കേരളത്തിൽ അടുത്ത പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ആ സഹതാപം ഉണ്ടാവുകയും ചെയ്‌താൽ, കോൺഗ്രസ്സ് കഴിഞ്ഞ തവണത്തെ പോലെ വലിയ വിജയം നേടുകയും, ഇടതുപക്ഷ MP-മാർ പാർലമെന്റിൽ വളരെ കുറച്ചു മാത്രം ആവുകയും ചെയ്യും. ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതായിട്ട് കാലം കുറെയായി.., ഇപ്പോഴും നാം അത് തിരിച്ചറിയുന്നില്ല എന്നതാണ് ദുര്യോഗം.



