കാസർകോട്ടെ രേഷ്‌മ തിരോധാന കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി രേഷ്‌മയെ (17) 2010 ജൂൺ ആറിനാണ് കാണാതാവുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് പ്രതി മുമ്പ് പോലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ കുട്ടിയുടെ മൃതദേഹം ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിൻ്റെ ഭാഗം ലഭിച്ചതിൽ നിന്നും ഡിഎൻഎ പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലത്തിൽ എല്ലിൻ്റെ ഭാഗം രേഷമയുടേത് ആണെന്ന് തെളിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.
പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുമെന്ന് കാസർകോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസ് അറിയിച്ചു.
ക്രൈംബ്രാഞ്ച് കണ്ണൂർ എസ്.പി പ്രജീഷ് തോട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഷ്‌മ കേസ് അന്വേഷണം നടത്തിയത്. മുമ്പ് അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്‌ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്‌മയെ 2010 ജൂൺ ആറിനാണ് കാണാതാകുന്നത്. തുടർന്ന് 2011 ജനുവരി 19ന് രേഷ്‌മയുടെ പിതാവ് എംസി രാമൻ അമ്പലത്തറ പോലീസിന് പരാതി നൽകി.
പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയെന്ന് പോലീസിന് നൽകിയ പരാതിയിൽ ഉന്നയിക്കുന്നു. പരാതിയിന്മേൽ അന്വേഷണം ഉണ്ടായെങ്കിലും രേഷ്‌മയെ കണ്ടെത്താനോ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനോ പോലീസിന് കഴിഞ്ഞിരുന്നില്ല.