കാസർകോട്: ഗോത്ര കലാരൂപങ്ങളെ പുതുതലമുറക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷവുമായി കാസർകോട്, കുറ്റിക്കോൽ പഞ്ചായത്തിൽ സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ‘ജനഗൽസ പദ്ധതി’യുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി. പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്‌ജ് കോഴ്‌സ് മെൻ്റെർമാരുടെ മേഖലാതല സംഗമത്തിൻ്റെയും ഉദ്ഘാടനവും നടന്നു.
തദ്ദേശീയ ജനവിഭാഗത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതൽ കുടുംബശ്രീ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ ജനതയുടെ ജീവിത അഭിവൃദ്ധിക്കായി എല്ലാ അർത്ഥത്തിലും ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സാമൂഹിക ഉൾച്ചേർക്കലിനും ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനും കുടുംബശ്രീ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
2013 മുതൽ അട്ടപ്പാടിയിലും 2016 മുതൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവർഗ പ്രത്യേക പദ്ധതി വഴി സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഉപജീവന മേഖലയിൽ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞു. അട്ടപ്പാടിയിൽ “ഹിൽവാല്യു’ വയനാട്ടിൽ നിന്നും “വൻ ധൻ’, നിലമ്പൂരിൽ നിന്നും “ഗംന്തേ’ എന്ന പേരിൽ പുറത്തിറക്കിയ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെ മറ്റേത് ഉൽപന്നങ്ങളോടും കിട പിടിക്കുന്നതാണ്.
കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ നിന്നും “ആദി’ കുടക്, “കോക്കോ’ വെളിച്ചെണ്ണ, എറണാകുളം ജില്ലയിൽ നിന്നും “കുട്ടമ്പുഴ കോഫി’, കാസർകോട് ജില്ലയിലെ “കമ്മാടി ഹണി’ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് തദ്ദേശീയ സംരംഭകരുടേതായി വിപണിയിലെത്തിയത്. സംസ്ഥാനം ഒട്ടാകെയുള്ള തദ്ദേശീയ ജനസമൂഹത്തിലെ 98 ശതമാനം കുടുംബങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുണ്ട്. 7135 പ്രത്യേക അയൽക്കൂട്ടങ്ങൾ വഴിയും പൊതുഅയൽക്കൂട്ടങ്ങൾ വഴിയും 1,24,904 കുടുംബങ്ങളെ കുടുംബശ്രീയിൽ ഉൾപ്പെടുത്താൻ സാധിച്ചത് നേട്ടമാണ്.
2893 യുവജനങ്ങൾക്ക് പി.എസ്.സി പരിശീലനം നൽകിയതിലൂടെ 193 പേർക്ക് സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭ്യമായി. 394 പേർ വിവിധ റാങ്ക് ലിസ്റ്റുകളിലുണ്ട്. കുടുംബശ്രീ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി 1480 പേർക്കും ജോലി ലഭിച്ചു. കാർഷിക മൃഗ സംരക്ഷണ മേഖലയിലും മെച്ചപ്പെട്ട ഉപജീവന മാർഗങ്ങൾ ലഭ്യമാക്കി.
തദ്ദേശീയ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കി വരുന്ന കുടുംബശ്രീ ട്രൈബൽ എൻ്റെർപ്രൈസ് ആൻഡ് ഇന്നവേഷൻ സെൻ്റെർ അഥവാ കെ- ടിക്, കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിശീലനം ലഭ്യമാക്കുന്ന “കമ്മ്യൂണിക്കോർ’, കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനുള്ള ‘കനസ് ജാഗ 2.0’, ‘കമ്യൂണിറ്റി കിച്ചൻ’, തുടങ്ങിയ പദ്ധതികൾ തുടർന്നും ഊർജിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.























