അദാനി ഗ്രൂപ്പിൻ്റെ കേസിലുള്ള ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കുന്ന കൽക്കരി യൂണിറ്റിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി ആദിവാസി വിഭാഗം. തങ്ങൾക്കെതിരായ വംശീയാധിക്ഷേപം ആരോപിച്ചാണ് പരാതി എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ് റിപ്പോർട്ട് ചെയ്യുന്നു .
ഓസ്‌ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തുള്ള നാഗാന യാർബെയ്ൻ എന്ന ആദിവാസി വിഭാഗക്കാരാണ് അദാനി ഗ്രൂപ്പിൻ്റെ ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സസ് നടത്തിയ വംശീയ വിവേചനത്തെ കുറിച്ച് പരാതിപ്പെട്ടത്. തങ്ങളുടെ സാംസ്കാരിക ചടങ്ങുകൾ നടത്തുന്നതും പൈതൃക അറിവുകൾ പങ്കുവയ്ക്കുന്നതും കൽക്കരി ഖനി അധികൃതർ വിലക്കിയതായി അവർ ആരോപിക്കുന്നു.
അതേപോലെതന്നെ, സമീപമുള്ള നീരുറവകളിൽ പ്രവേശിക്കുന്നത് വിലക്കുകയും ലംഘിച്ചവരെ ശാരീരികമായി കൈകാര്യം ചെയ്തെന്നുമാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള പരാതിയിൽ പറയുന്നത് . അതേസമയം, ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സിൻ്റെ വക്താവ് ആരോപണങ്ങളെ പൂർണമായും നിഷേധിച്ചു. ക്വീൻസ്‌ലാൻ്റിലെയും ഓസ്‌ട്രേലിയയിലെയും നിയമങ്ങൾക്കനുസൃതമായി ഖനി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് ബ്രാവസ് യൂണിറ്റ് പറഞ്ഞു.