അമേരിക്കൻ ചരിത്രത്തിൽ നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥനാകുന്ന ആദ്യ വനിതയായി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെ പ്രസിഡന്റ് ബൈഡൻ തിരഞ്ഞെടുത്തു. ലിസയുടെ കഴിഞ്ഞ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ അറിയിപ്പിൽ വ്യക്തമാക്കി.
‘‘38 വർഷം നമ്മുടെ രാജ്യത്തിനുവേണ്ടി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏൽപ്പിക്കുകയാണ്.’’– ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡൻ പ്രതികരിച്ചു. തന്റെ ആർമി കരിയറിലുടനീളം ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
‘‘അമേരിക്കൻ നാവികസേനയിൽ ഫോർ സ്റ്റാർ അഡ്മിറൽ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് ലിസ ഫ്രാങ്കെറ്റി. നാവിക ഓപ്പറേഷൻസ് മേധാവിയായി ചുമതലയേറ്റ് ചരിത്രം കുറിക്കുകയാണ് ലിസ.’’– ജോ ബൈഡൻ പറഞ്ഞു. അതേസമയം, ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നാവിക സേനയായി ലിസയുടെ നേതൃത്വത്തിൽ യുഎസ് സേന നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഇപ്പോൾ യുഎസ് നാവികസേനയുടെ വൈസ് ചീഫായി സേവനമനുഷ്ഠിക്കുകയാണ് ലിസ ഫ്രാങ്കെറ്റി. 1985ലായിരുന്നു ലിസ സേനയിൽ എത്തുന്നത്. പിന്നാലെ കൊറിയയിലെ യുസ് നാവിക ഓപ്പറേഷനുകളുടെ കമാൻഡറായി സേവനം ചെയ്തു. അമേരിക്കൻ നേവി ഓപ്പറേഷനുകളുടെ ഡെപ്യൂട്ടി ചീഫായും സേവനം അനുഷ്ഠിച്ചു. 2022 സെപ്റ്റംബറിൽ വൈസ് സിഎൻഒ ആയി.























