| ഡോ. ഉല്ലാസ് സെബാസ്റ്റ്യൻ
കൗമാര കാലഘട്ട പ്രശ്നങ്ങളിലെ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് വഴികൾ പലതുണ്ട്.
കുട്ടികളുടെ കൂട്ടുകാർ ആരെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഈ കൂട്ടുകെട്ടുകൾ നല്ലതാണോ, അവരുടെയൊക്കെ സ്വഭാവ പ്രതികരണങ്ങൾ എങ്ങനെയുള്ളവയാണ് എന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണ്.
നമ്മുടെ കുട്ടിയുടെ സുഹൃത്ത് നമ്മുടെ സുഹൃത്ത് കൂടി ആവേണ്ടത്തുണ്ട്. കുട്ടിയുടെ സുഹൃത്തിന് നമ്മൾ നല്ലൊരു സുഹൃത്ത് കൂടിയാവണം. ഇടക്കൊക്കെ നമ്മുടെ കുട്ടിയോടൊപ്പം കൂട്ടുകാരനായ കുട്ടിയെ വീട്ടിലെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുക. നമ്മുടെ തിരക്കുകൾക്കിടയിൽ കുറഞ്ഞപക്ഷം ഒരു മണിക്കൂർ എങ്കിലും കുട്ടിക്കായി നാം മാറ്റി വെക്കേണ്ടത്തുണ്ട്.
കുട്ടിയെ വ്യത്യസ്തസാഹചര്യങ്ങളിൽ എങ്ങനെ തരണം ചെയ്യണം എന്ന് പഠിപ്പിക്കാം. അതിനായി, അവധി ദിവസങ്ങളിൽ ഗ്രൗണ്ടിൽ മറ്റു കുട്ടികൾക്കൊപ്പം നമ്മുടെ മേൽനോട്ടത്തിൽ കളിക്കാൻ വിടാം. കളിക്കിടയിൽ കൂട്ടുകാർ തർക്കങ്ങളിൽ ഏർപ്പെട്ടു എന്ന് വരാം, വഴക്കുകൾ ഉണ്ടായി എന്ന് വരാം. ഇവിടെ കളിക്കിടെ ഉണ്ടായ വഴക്കുകൾ എങ്ങനെ പരിഹരിക്കാം എന്ന കാര്യത്തിൽ കുട്ടിയുടെ അഭിപ്രായം ചോദിച്ചറിയാൻ ശ്രമിക്കുക. കുട്ടി പറയുന്ന പരിഹാരമാർഗങ്ങളിൽ വേണ്ടുന്ന അഭിപ്രായം മാതാപിതാക്കൾ കൊടുക്കുക. ഇവിടെ പക്വതയാർന്ന പ്രകടനം മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. . ഇങ്ങനെയുള്ള സാഹചര്യങ്ങൾ ലഭിക്കുന്ന കുട്ടി പ്രശ്ന പരിഹാരത്തിനുള്ള മാർഗങ്ങൾ നന്നേ ചെറുപ്പത്തിൽ നിന്ന് തന്നെ പഠിക്കുകയും ഭാവിയിൽ ഒരുപാട് നല്ല കൂട്ടുകാരെ നേടുകയും ചെയ്യാൻ സാധ്യത്യയുള്ളവരായി വളരുകയും ചെയ്യും.
കുട്ടിയെ ‘ യെസ്’ പറയേണ്ടയിടത്ത് യെസ് എന്നും, ‘ നോ’ പറയേണ്ടുന്ന സാഹചര്യങ്ങളിൽ നോ പറയാനും പരിശീലിപ്പിക്കുക. ഇങ്ങനെ പരിശീലനം കിട്ടിയ കുട്ടികൾ ദുശ്ശീലങ്ങൾക്ക് അടിമപ്പെടാനോ, ലക്ഷ്യ ബോധമില്ലാത്തവരായി തീരാനോ സാധ്യത തെല്ലുമില്ല.
മറ്റുള്ളവരുടെ ശ്രദ്ധകിട്ടാൻ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ വരുത്തി വെക്കുന്ന ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുക.
മീഡിയ തരുന്ന അറിവുകൾ, ആനന്ദം എന്നിവയുടെ പോസിറ്റീവ് ആയ വശങ്ങൾ മാത്രം കുട്ടിക്ക് കൊടുക്കാതെ, മീഡിയയിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് വന്ന ഭവിഷ്യത്തുകലേക്കുറിച്ചും കുട്ടിക്ക് പറഞ്ഞു കൊടുക്കുക. ഉദാഹരണമായി, കുട്ടിക്ക് മൊബൈൽ കൊടുക്കുന്നതിന് മുന്നേ ഓൺലൈൻ ക്ലാസിൻ്റെ ആവശ്യത്തിനായി മാത്രമാണ് ഞാൻ നിനക്ക് ഇത് വാങ്ങി തരുന്നുവെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക. ഒന്നും പറയാതെ കുട്ടിക്ക് ആവശ്യമുള്ളതും, ഇല്ലാത്തതുമായ കര്യങ്ങൾ കൊടുത്ത ശേഷം അവൻ/അവൾ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് കണ്ട് ശാസിക്കുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.
ടിവി, മൊബൈൽ എന്നിവ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ആവശ്യമാണ്.
അറിവിൻ്റെ കാര്യങ്ങൾക്കായി ഇത്തരം ഗാഡ്ജറ്റുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക.
കുട്ടി ഉപയോഗിക്കുന്ന ഗാഡ്ജറ്റുൾക്ക് പേരൻ്റൽ കൺട്രോൾ കൊടുക്കാനുള്ള അവസരം ഇന്നത്തെ മൊബൈലുകളിൽ ഉണ്ട്. കുട്ടിയുടെ മൊബൈലിൽ ആവശ്യമില്ലാത്ത കാര്യങങളെല്ലാം മാതാപിതാക്കൾക്ക് ബ്ലോക്ക് ചെയ്യാനുള്ള അവസരം ഇതിൽക്കൂടി ലഭിക്കുന്നു.
നിങൾ നിങ്ങളുടെ കുട്ടിയുടെ നല്ലൊരു കേൾവിക്കാരൻ ആകാനായി ശ്രമിക്കുക. ആദ്യ കൗമാര കാലഘട്ടത്തിൽ കുട്ടിക്ക് വളരെയേറെ ആകാംക്ഷയുൻഡ് അതിനാൽ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ഇരിക്കാനുള്ള സമയം കണ്ടെത്തണം. ഒരു നേരമെങ്കിലും ഒരുമിച്ച് ഒരു ടേബിളിൻ്റെ ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുക.
ടിവിയിൽ കാണുന്ന പരസ്യങ്ങൾ തരുന്ന അറിവുകൾ തീർത്തും ശരിയല്ല എന്ന് പറഞ്ഞു മനസിലാക്കുക.
കമ്പ്യൂട്ടറിലെ ചാറ്റ് റൂമിൽ ഒളിഞ്ഞിരിക്കുന്ന അപകടം ബോധ്യപ്പെടുത്തുക.
മറ്റ് മാതാപിതാക്കളുമായി സംസാരിക്കുക. കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ നല്ല അഭിപ്രായം അവരിൽനിന്ന് ലഭിച്ചെന്ന് വരാം.
ടിവി, കമ്പ്യൂട്ടർ, ഗെയിം, മൊബൈൽ എന്നിവയ്ക്ക് പകരമായി അവരെ വായനയുടെ ലോകത്തേക്ക് നയിക്കുക. ലോക ക്ലാസിക് കഥകളും മറ്റും അവർക്ക് പരിചയപ്പെടുത്തുക. അവർക്ക് അടുത്തുള്ള ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുത്ത് കൊടുക്കുക.
കുട്ടിയുടെ സ്കൂളിൽ നടക്കുന്ന പ്രോഗ്രാമിൽ കഴിവതും മാതാപിതാക്കൾ രണ്ടുപേരും സംബന്ധിക്കുക.
ടീച്ചേഴ്സുമായി നല്ല ബന്ധം പുലർത്തുക. കുട്ടികളെ നല്ല വായനാശീലത്തിലേക്ക് നയിക്കാൻ ടീച്ചേഴ്സിൻ്റെ സഹായം തേടുക.
വീട്ടിൽ നല്ലൊരു ലൈബ്രറി ശേഖരം ഉണ്ടാക്കുക. കുട്ടിയെ ലൈബ്രറി ഉപയോഗിക്കാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ വയനശീലത്തിൻ്റെ കാര്യത്തിൽ കുട്ടികൾക്ക് മാതൃക കാണിച്ചു കൊടുക്കുക. ആവശ്യമെങ്കിൽ വായനക്കായി കുട്ടിയെ സഹായിക്കുക.
മൂല്യങ്ങൾ കുട്ടിയിൽ വളർത്തുക. നല്ല സന്മാർഗിക കഥകൾ കുട്ടികൾക്ക് സമ്മാനിക്കുക. നന്മ ജയിക്കുകയും, തിന്മ തോൽക്കുകയും ചെയ്യുന്ന കഥകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക.
ജാതി മത വർണ ലിംഗ ഭേദമില്ലാതെ എല്ലാവരും ഒന്നാണ് എന്ന ചിന്ത കുട്ടികളിൽ വളർത്തുക.
അച്ഛനും, അമ്മയും കൂടി മക്കളെ വളർത്തുക. അമ്മയിൽ നിന്നും കുട്ടി പരിഗണന സ്നേഹം എന്നിവ പഠിക്കുന്നു. അച്ഛനിൽ നിന്നും ധൈര്യം, ഒരു സദസ്സിനെ എങ്ങനെ തരണം ചെയ്യാം, എങ്ങനെ കര്യങ്ങൾ അവതരിപ്പിക്കാം എന്നീ കര്യങ്ങൾ കുട്ടി പഠിക്കുന്നു.
നിരാശപ്പെടുത്തുന്ന അവസരങ്ങളെ തരണം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക.
മാതാപിതാക്കൾ അവർക്കുണ്ടാകുന്ന തെറ്റുകളിൽ ചിരിച്ചുകൊണ്ട് അതിനെ അംഗീകരിക്കുക. ഇത് കുട്ടിയിൽ ആത്മവിശ്വാസം കൂട്ടും. അവൻ അവനെ കൂടുതലായി അംഗീകരിച്ച് തുടങ്ങും.
കൗമാര ഘട്ടത്തിൽ പ്രശ്നങ്ങളിലേക്ക് വീഴാൻ ഏറെ സാധ്യത ഏത് കുട്ടിക്കാണ്
ദാരിദ്ര്യത്തിൽ കഴിയുന്ന ഒരു കുട്ടിക്ക് അയല്പക്കകാരനായ കുട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ അവന് കിട്ടുന്ന അവഗണന, പണത്തിൻ്റെ ദൗർലഭ്യം എന്നിവ അവനിൽ ഉണ്ടായിരുന്ന മനോധൈര്യത്തെ നഷ്ടപ്പെടുത്തിയെന്ന് വരാം.
മുതിർന്നവരുടെ വേണ്ടുന്ന സമയത്തെ ഉചിതമായ ഇടപെടലിൻ്റെ കുറവ് കുട്ടിയെ മോശം സ്വഭവങ്ങളിലേക്കോ, ദുശ്ശീലത്തിലേക്കോ നയിച്ചെന്ന് വരാം.
അമിത ലാളന കിട്ടുന്ന കുട്ടി.
മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ച ഇല്ലാത്ത അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ പെട്ടെന്ന് വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്.
നല്ലതല്ലാത്ത സ്കൂൾ അന്തരീക്ഷം.
മാനസികമായോ, ലൈംഗികപരമായോ ഉണ്ടാകുന്ന ചൂഷണങ്ങൾ
നിറത്തിൻ്റെയോ, പൊക്കത്തിൻ്റെയോ, പഠനതിൻ്റെയോ പേരിലുള്ള അവഗണന.
ഭക്ഷണം കഴിക്കുന്നതിൽ കാണുന്ന വ്യതിയാനങ്ങൾ (eating disorders)
വിഷാദ ഭാവം, ആത്മഹത്യ പ്രവണത.
ഉറക്കത്തിൻ്റെ രീതിയിൽ കാണപ്പെടുന്ന തകരാറുകൾ.
അമിതമായ ഭാര വർദ്ധനവ്, അല്ലെങ്കിൽ ഭാരത്തിൽ വരുന്ന കുറവ്.
ഞാൻ ഒന്നിനും കൊള്ളാത്തത് ആണെന്ന തോന്നലുകൾ.
അണമുറിയാത്ത മാതാപിതാക്കളുടെ കരുതലിൻ്റെ ആവശ്യം.
കൗമാരകാലത്തിൻ്റെ ആദ്യഘട്ടത്തിൽ കുട്ടികൾ അവരുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കൾ ആയിരിക്കും. ഈ സമയം, മാതാപിതാക്കൾ രണ്ടുപേരും കൂടി ചേർന്നെടുക്കുന്ന തീരുമാനങ്ങളും, കുട്ടിക്ക് കൊടുക്കുന്ന പ്രോത്സാഹനങ്ങളും, സഹജീവികളോട് കാണിക്കേണ്ടുന്ന സ്നേഹവും, മാര്യദയുമെല്ലാം അവനെ/അവളെ മാതാപിതാക്കൾക്ക് എന്നും അഭിമാനിക്കാനുള്ള ആളുകളാക്കി മാറ്റിയെടുക്കും.
Dr. Ullas Sebastian
Consultant Psychologist,
AVM hospital, Thodupuzha
9447576122