ഇന്ത്യയിലെ ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളിലെ പിഴവുകളും കണ്ട് ഞെട്ടിയതായി ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി. മാലിന്യക്കൂനകൾ നിറഞ്ഞ പൊതു ഇടങ്ങൾ, പൗരബോധമില്ലാത്ത ജനങ്ങൾ, ജീവിത ചെലവിൻ്റെ ഭാരം, പിന്നാക്കപ്പാടുകളിലേയ്ക്ക് തള്ളിനീങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഇന്ത്യയിലെത്തി കണ്ടതെല്ലാം ഭീകരമായ അനുഭവമാക്കിയെന്നും, വിശ്വസിക്കാനാകാത്ത അവസ്ഥയാണെന്നും സഞ്ചാരി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. ഇന്ത്യ സന്ദർശിക്കാനായി മാറ്റിവെച്ച മൂന്ന് വർഷങ്ങൾ പാഴായതായും സഞ്ചാരി പറഞ്ഞു.
വ്യക്തിയുടെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ ചർച്ചകളും വിമർശനങ്ങളും ഉയർന്നു. വിമർശനങ്ങൾ അതിരു കടന്നതോടെ പോസ്റ്റ് നീക്കം ചെയ്‌തുവെങ്കിലും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെ വിനോദ സഞ്ചാരികൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ടൂറിസം മേഖലയിലെ പ്രവർത്തകൻ ആനന്ദ് ശങ്കറും പ്രതികരിച്ചു. “വായുമലിനീകരണവും പൊതുശുചിത്വവും വനിതാ സുരക്ഷയുമെല്ലാം ഇന്ത്യ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ആശങ്കയാണ്.
ടൂറിസം മേഖല ഇത്ര തരംതാഴ്ന്ന നിലയിൽ മുമ്പ് കണ്ടിട്ടില്ല. ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധ സാമൂഹ്യ മാധ്യമങ്ങളിലേക്ക് മാറുകയാണ്,” -എന്ന് ആനന്ദ് ശങ്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ടൂറിസം മേഖലയുടെ പുരോഗതിക്ക് അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിൽ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
താജ്‌മഹൽ, അജന്ത- എല്ലോറ ഗുഹകൾ, ഖജുരാഹോ ക്ഷേത്രങ്ങൾ തുടങ്ങി ലോക പ്രശസ്തമായ പൈതൃക കേന്ദ്രങ്ങൾ പോലും വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ലെന്ന പരാതിയുമായി മുമ്പ് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു. “ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിൽ വലിയ ശ്രദ്ധകേന്ദ്രീകരിക്കണം. ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് അത്യന്തം വലിയ സാധ്യതകളാണ്,” -എന്ന് ജാവേദ് അക്തർ അഭിപ്രായപ്പെട്ടു.
വിദേശ സഞ്ചാരിയുടെ കുറിപ്പ് വിവാദമായതോടെ ജാവേദ് അക്തറിൻ്റെ പഴയ വീഡിയോയും വിവിധ എക്‌സ് ഹാൻഡിലുകളിലൂടെ വീണ്ടും പ്രചരിക്കുന്നുണ്ട്. ടൂറിസം മേഖലയിലെ വീഴ്‌ച രാജ്യത്തിൻ്റെ പുരോഗതിക്ക് തടസമാണെന്ന് നിരവധി പേരാണ് ചൂണ്ടിക്കാട്ടുന്നത്.
NewsImageCourtesy: When foreign lensmen shoot India with the misery filter- Times of India