പഹല്‍ഗാം ഭീകര ആക്രമണത്തിന് ശേഷം ഇന്ത്യ നടപ്പിലാക്കിയ ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘത്തിൻ്റെ യുഎഇ സന്ദര്‍ശനം തുടരുന്നു. യുഎഇ സഹിഷ്‌ണുതാ- സഹവര്‍ത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായിരുന്നു സംഘത്തിൻ്റെ ആദ്യ കൂടിക്കാഴ്‌ച നടന്നത്.
പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഡോ. അലി റാഷിദ് അല്‍ നുഐമി, നാഷണല്‍ മീഡിയ ഓഫീസ് ചെയര്‍മാന്‍ ഡോ. ജമാല്‍ അല്‍ കാബി എന്നിവർ അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി.
ഭീകര വാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുന്നത് തുടരുമെന്ന് ചെയര്‍മാന്‍ ഡോ. അലി റാഷിദ് അല്‍ നുഐമി പറഞ്ഞു. ഇന്ത്യയുടെ ദേശീയ സുരക്ഷ വിട്ടുവീഴ്‌ച ഇല്ലാത്തതാണെന്നും ഇന്ത്യയുമായുള്ളത് നയതന്ത്ര ബന്ധത്തിനും അപ്പുറമുള്ള ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന സംഘത്തില്‍ എംപിമാരായ ഇടി മുഹമ്മദ് ബഷീര്‍, ബാന്‍സുരി സ്വരാജ്, അതുല്‍ ഗാര്‍ഗ് തുടങ്ങിയവർ ആണുള്ളത്.