അന്താരാഷ്‌ട്ര തലത്തിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ കേന്ദ്രസർക്കാർ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഇഡി തങ്ങളുടെ ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യാൻ വിളിക്കുകയാണെന്നും എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്നും റിട്ട് ഹർജിയിൽ ആമസോൺ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി ആമസോണുണ്ടാക്കിയ കരാറില്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിക്കപ്പെട്ടുണ്ടോ എന്ന് ഇ.ഡി അന്വേഷിച്ച് വരികയാണ്. എന്നാൽ, അനധികൃതമായി ഇതിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളും ഇ.ഡി പരിശോധിക്കുകയാണെന്ന് ഹര്‍ജിയില്‍ ആമസോണ്‍ ആരോപിക്കുന്നു.
വിശാലമായ കമ്പനിയുടെ വിവിധ തലങ്ങളിലുള്ള എക്സിക്യുട്ടീവുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത് പീഡനമാണ്. ഇഡിയുടെ ഇത്തരം നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് ആമസോണിന്‍റെ ആവശ്യം.























