കോമഡി സ്റ്റാറായ ജഗതി ശ്രീകുമാറിൻ്റെ പിറന്നാൾ ദിനമാണിന്ന്. മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങൾ നൽകിയ നടൻ വലിയൊരു അപകടത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടയിൽ സേതുരാമയ്യർ സിബിഐ പരമ്പരയിലെ അഞ്ചാമത് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വർഷങ്ങൾക്കുശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പിറന്നാൾ ദിനത്തിൽ ജഗതിശ്രീകുമാർ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അജു വർഗീസ് നായകനായെത്തുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ചിത്രത്തിൽ പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ.ആര്‍ എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്.
കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് നടന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. ജഗതി തന്നെ ഇത് പങ്കുവച്ചിട്ടുമുണ്ട്. ‘പുതിയ വർഷം… പുതിയ തുടക്കങ്ങൾ … ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല.’- എന്നായിരുന്നു പോസ്റ്റർ പങ്കുവച്ചുകൊണ്ട് നടൻ കുറിച്ചത്.