7 March 2026

അമേരിക്ക-ഇസ്രയേൽ v/s ഇറാൻ; യുദ്ധം ഗാസ വിട്ട് പുറത്തേക്ക്?

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡെണാൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് സുലൈമാനിയുടെ കൊലപാതകം എന്നായിരുന്നു നേരത്തെ ഇറാന്റെ വാദം.

ഹമാസിൻ്റെ ഉപനേതാവ് സാലിഹ് അൽ-അറൂരിയുടെ കൊലപാതകം ഇസ്രയേൽ-ഹമാസ് യുദ്ധം പഴയ വിശാല അറബ്-ഇസ്രയേൽ യുദ്ധമായി പരിണമിക്കുമോയെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. തെക്കൻ ബെയ്‌റൂട്ടിലാണ് ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ടത്. ഇസ്രയേൽ ഇതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ ലെബനനും ഇറാനും ആക്രമണത്തിന് പിന്നിൽ ഇസ്രയേലെന്ന് ഇതിനകം പറഞ്ഞു കഴിഞ്ഞു. ലെബനന്റെ പരമാധികാരത്തിന് മേലുള്ള ആക്രമണം എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ആക്രമണത്തെ ശക്തമായി വിമർശിച്ച് ഇറാൻ രംഗത്ത് വന്നു.

ഇതിനിടയിലാണ് ഇറാനിൽ രണ്ട് വൻ സ്ഫോടനങ്ങൾ നടന്നത്. കെർമാൻ പ്രവിശ്യയിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് സ്‌ഫോടനം നടന്നത്. അദ്ദേഹത്തിൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ തടിച്ചുകൂടിയവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. സ്ഫോടനത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണമെന്നായിരുന്നു ഇറാൻ ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയെയും ഇസ്രയേലിനെയുമാണ് ഇറാൻ സംശയമുനയിൽ നിർത്തുന്നത്. എന്നാൽ, യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ആക്രമണത്തിലെ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ച് രംഗത്ത് വന്നിരുന്നു.

അമേരിക്കൻ പ്രസിഡന്റായിരുന്ന ഡെണാൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് സുലൈമാനിയുടെ കൊലപാതകം എന്നായിരുന്നു നേരത്തെ ഇറാന്റെ വാദം. 2020 ജനുവരി മൂന്നിനായിരുന്നു ഇറാൻ റെവല്യൂഷണറി ഗാർഡ് ജനറൽ ഖാസിം സുലൈമാനിയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭരണകൂട ഭീകരത എന്നായിരുന്നു കൊലപാതകത്തെ ഇറാൻ വിശേഷിപ്പിച്ചത്. ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുമ്പോഴായിരുന്നു പുതിയ സർക്കാർ രൂപീകരിക്കുന്ന നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സുലൈമാനി ബാഗ്ദാദിൽ എത്തിയത്.

ഇറാന്റെ റെവല്യൂഷനറി ഗാർഡിന്റെ കമാൻഡർ എന്നതിന് പുറമെ പശ്ചിമേഷ്യയിൽ ഷിയാ സ്വാധീനം വർദ്ധിപ്പിക്കുക എന്ന രാഷ്ട്രീയ ദൗത്യവും സുലൈമാനി നിർവ്വഹിച്ചിരുന്നു. അമേരിക്കയെ പരസ്യമായി കുറ്റപ്പെടുത്താതെ, ഇറാന്റെ ശത്രുക്കളാണ് സുലൈമാനിയുടെ കൊലപാതകത്തിന് പിന്നിലെന്നും പ്രതികാരം ചെയ്യുമെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പ്രസ്താവന സുലൈമാനിക്ക് ഇറാനിയൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നായിരുന്നു ഖൊമേനി അന്ന് സുലൈമാനിയെ വിശേഷിപ്പിച്ചത്. ഇറാഖി പ്രവിശ്യയായ അൻബാറിലെ യു എസ് ഐൻ അൽ-അസദ് താവളത്തിൽ മിസൈലുകൾ വിക്ഷേപിച്ചുകൊണ്ട് 2020 ജനുവരി എട്ടിന് ഇറാൻ തിരിച്ചടിച്ചിരുന്നു.

പശ്ചിമേഷ്യയിൽ ഇറാൻ്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ഖാസിം സുലൈമാനി നടത്തിയ നീക്കങ്ങളാണ് യഥാർത്ഥത്തിൽ അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇറാഖിൽ ഇറാൻ്റെ ചൊൽപ്പടിയിൽ നിൽക്കുന്ന ഭരണകൂടത്തിനായി സുലൈമാനി ശ്രമിച്ചു എന്നത് തന്നെയാണ് അമേരിക്കയെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കിയത്. ഇറാഖിലെ അമേരിക്കൻ എംബസി ആക്രമണത്തിൻ്റെയും ഉപരോധത്തിൻ്റെയും സൂത്രധാരൻ എന്ന നിലയിലായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കൻ വികാരം പ്രതിഫലിപ്പിച്ച് അതുവഴി പ്രസിഡൻ്റ് പദവിയിൽ രണ്ടാമൂഴം ലക്ഷ്യമിട്ട് ട്രംപ് ആസൂത്രണം ചെയ്തതായിരുന്നു സുലൈമാനി വധമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

അമേരിക്ക-ഇസ്രയേൽ സഖ്യത്തിനെതിരെ ഇറാൻ കർശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കെർമാൻ പ്രവിശ്യയിൽ സ്ഫോടനവും തെക്കൻ ബെയ്‌റൂട്ടില്‍ ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരി കൊല്ലപ്പെട്ട സംഭവവും ഉണ്ടായിരിക്കുന്നത്. ഇതിനിടെ ചെങ്കടലിൽ ഹൂതി വിമതർ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും യുദ്ധഭീതി പശ്ചിമേഷ്യയെ മൊത്തത്തിൽ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയും ഇസ്രയേലും അടക്കം ഒരു ഡസൻ രാജ്യങ്ങളാണ് ഹൂതി വിമതരുടെ നിഴലിലുള്ളത്.

ഹൂതികളുടെ ആക്രമണം അറബിക്കടലിലേയ്ക്കും നീണ്ടത് കാര്യങ്ങളെ കൂടുതൽ സംഘർഷഭരിതമാക്കുന്നുണ്ട്. ഇസ്രയേലിൻ്റെ ഗാസയിലെ ആക്രമണമാണ് ചെങ്കടലിൽ അക്രമണോത്സുകമായി ഇടപെടാൻ ഹൂതികളെ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇസ്രയേലിനെതിരെ നിലയുറപ്പിച്ചിരിക്കുന്ന ഹമാസിനെയും ഹൂതിയെയും ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനാണെന്നത് പരസ്യമായ രഹസ്യമാണ്.

ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണം നിലവിലെ വിഷയങ്ങളിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളെയും ഈ സംഘർഷങ്ങളിലേയ്ക്ക് വലിച്ചിടുന്ന സാഹചര്യമുണ്ട്. എന്തായാലും ഇറാനിലെ ഇരട്ടസ്ഫോടനങ്ങളും തെക്കൻ ബെയ്‌റൂട്ടിലെ ഹമാസ് ഉപനേതാവ് സാലിഹ് അൽ-അറൂരിയുടെ കൊലപാതകവും പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഗാസയുടെ പുറത്ത് നടക്കുന്ന യുദ്ധമായി പരിണമിക്കുന്നതിനുള്ള കാരണമായി മാറുമോയെന്ന ആശങ്ക ലോകത്തിന് നൽകുന്നുണ്ട്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News