അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ പട്രോളിങ് കാറിടിച്ചു കൊലപ്പെടുത്തിയ പോലീസുകാരനെ പിരിച്ചുവിട്ടു. ഇന്ത്യയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 കാരിയായ ബിരുദ വിദ്യാർത്ഥിനി ജാൻവി കന്ദുലയാണ് മരിച്ചത്. കെവിൻ ഡേവ് എന്ന പോലീസുകാരൻ ഓടിച്ച പട്രോളിംഗ് വാഹനം ഇടിച്ചാണ് സിയാറ്റിലിൽ വച്ച് ജാൻവി മരണപ്പെടുന്നത് .
പെൺകുട്ടി റോഡ് മുറിച്ച് കടക്കുന്നതിനീടയിൽ മണിക്കൂറിൽ 119 കിമീ വേഗതയിൽ വന്ന പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഏകദേശം 100 അടി ദൂരേക്ക് തെറിച്ച് വീണ ജാൻവിയെ ഡേവ് പരിഹസിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ്റെ ബോഡി ക്യാമിൽ നിന്നും വ്യക്തമായിരുന്നു.
“ഒരു കാറ്റുപോലെ അവൾ കാറിൽ വിൻഡ് ഷീറ്റിൽ വന്നിടിച്ചു. പറന്നു പോയി. ഞാൻ ബേക്ക് ചവിട്ടി. അവൾ മരിച്ചു” – എന്നായിരുന്നു തീർത്തും പരിഹാസത്തോടെയും പുച്ഛത്തോടെയുമുളള പോലീസുകാരൻ്റെ പ്രതികരണം. ഈ പെരുമാറ്റമാണ് നടപടിക്ക് കാരണമായത്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.