തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഏറ്റവും ധനികൻ കോൺഗ്രസിന്റെ ജി. വിവേകാനന്ദ. ചെന്നൂരിൽ മത്സരിക്കുന്ന വിവേകാനന്ദക്കും ഭാര്യക്കുമായി 600 കോടി രൂപയിലേറെ ആസ്തിയുണ്ട്.
സ്വന്തം സ്ഥാപനമായ വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. 460 കോടിയിലധികം സ്വത്തുള്ള കോൺഗ്രസിലെത്തന്നെ പി. ശ്രീനിവാസ റെഡ്ഢിയാണ് ധനികരിൽ രണ്ടാമൻ. നാമനിർദ്ദേശപ്പട്ടിക സമർപ്പിച്ചപ്പോഴാണ് സ്വത്തുവിവരങ്ങൾ പുറത്തുവന്നത്. പാലയർ മണ്ഡലത്തിൽ നിന്നാണ് ശ്രീനിവാസ റെഡ്ഢി ജനവിധി തേടുന്നത്.
പത്രിക സമർപ്പിച്ച ദിവസം ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മത്തെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് സ്വന്തമായി കാറില്ല. കെ.സി.ആറിന് ഏകദേശം 59 കോടി രൂപയുടെ കുടുംബ ആസ്തിയും 25 കോടി രൂപയുടെ ബാധ്യതയുമുണ്ട്.























