കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും ആര്‍.പാര്‍വതി ദേവിയുടെയും മകന്‍ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജ്- റെജി ദമ്പതികളുടെ മകള്‍ എലീന ജോര്‍ജും വിവാഹിതരായി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്‌തത്.
വിവാഹം നടന്ന റോസ് ഹൗസ് മുമ്പ് മറ്റൊരു പ്രണയവിവാഹത്തിന് കൂടി വേദിയായിട്ടുണ്ട്. 1957ല്‍ കെ.ആര്‍ ഗൗരിയമ്മയും ടി.വി തോമസും വിവാഹിതരായത് റോസ് ഹൗസില്‍ വെച്ചാണ്. ഇരുവരുടെയും പ്രണയത്തിന് പിന്നില്‍ രസകരമായ കഥകളുമുണ്ട്. വീടുകള്‍ അടുത്തടുത്താണെങ്കിലും റോഡ് ചുറ്റി വേണമായിരുന്നു ഇരുവര്‍ക്കും തമ്മില്‍ കാണാന്‍. ഇത് മറികടക്കാന്‍ മതിലില്‍ ഒരു വിടവുണ്ടാക്കി. പിന്നീടുള്ള യാത്രകള്‍ അതു വഴിയായിരുന്നു.
അത് പിന്നീട് വിവാഹത്തിലേക്കുള്ള ഇടനാഴിയായി. ഇരുവരുടെയും പ്രണയം മനസ്സിലാക്കിയ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് അന്ന് വിവാഹത്തിന് മുന്‍കൈ എടുത്തത്. എന്നാല്‍ 1967ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സിപിഐഎമ്മിലും, ടി.വി തോമസ് സിപിഐയിലും ചേര്‍ന്നു. പിന്നീട് ദാമ്പത്യത്തിലും വഴി പിരിയലുകളുണ്ടായി.