എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി പോലീസ് കേസെടുത്തു.
തനിക്കെതിരായി ഗൂഢാലോചന നടത്തിയെന്നാണ് അഖിലക്കെതിരെയുള്ള ആർഷോയുടെ പരാതി. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ട് പ്രതികൾ.
കെഎസ്‍യുവിന്റെ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവർ കേസിൽ മൂന്നും നാലും പ്രതിസ്ഥാനത്തുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം, താൻ തന്റെ ജോലിയുടെ ഭാഗമായി വാർത്ത റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അഖില നന്ദകുമാര്‍ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമമായ ദ ഫോർത്തിനോട് പ്രതികരിച്ചു. ഇന്ന് അവധിയായിരുന്നു. അതുകൊണ്ടുതന്നെ ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് പ്രതിയാക്കിയത് അറിഞ്ഞത്. ആർഷൊ എനിക്കെതിരെ പരാതി നൽകിയ വിവരം ദേശാഭിമാനി പത്രത്തിൽ വായിച്ചിരുന്നുവെന്നും അഖില അറിയിച്ചു.