മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി സെയ്‌ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒരു പ്രതിയെ പിടികൂടി. നടൻ അപകടനില തരണം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അന്വേഷണം തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിനെ കുറിച്ചുള്ള അഞ്ച് പ്രധാന ചോദ്യങ്ങൾ പരിശോധിക്കുന്നു.
- സിസിടിവി ദൃശ്യങ്ങളിൽ അക്രമി രക്ഷപ്പെടുന്നത് കാണാം. പക്ഷേ അയാൾ എങ്ങനെ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു?
അക്രമി അപ്പാർട്ട്മെന്റിൻ്റെ പിൻഭാഗത്തെ ഗേറ്റ് വഴി ചാടി അകത്തു കടന്നതായി പൊലീസ് സംശയിക്കുന്നു. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച ഉടനെ സിസിടിവി ക്യാമറകളിൽ മുഖം ദൃശ്യമാകുന്നത് ഒഴിവാക്കി ഫയർ എക്‌സിറ്റ് പടികൾ കയറി. പുലർച്ചെ 1.38ന് മുഖം മൂടിയ അയാൾ കെട്ടിടത്തിൻ്റെ പടികൾ കയറുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അതിനുശേഷം രണ്ടടി വീതിയുള്ള ഒരു ഷാഫ്റ്റ് ഉപയോഗിച്ച് സെയ്‌ഫ് അലി ഖാൻ്റെ ഇളയ കുട്ടിയുടെ ബാത്റൂമിൽ പ്രവേശിച്ചതായി സംശയിക്കുന്നു. അവിടെ നിന്നാണ് അയാൾ പതിനൊന്നാം നിലയിലേക്ക് കടന്നത്. അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ച അവരുടെ പ്രാഥമിക നിഗമനമാണിത്.
- സെയ്‌ഫ് അലി ഖാനും ജോലിക്കാരും ചേർന്ന് അക്രമിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം അയാൾ എങ്ങനെ അവിടെ നിന്നും രക്ഷപ്പെട്ടു?
അക്രമിയെ ഖാനും മറ്റുള്ളവരും ചേർന്ന് ഇളയ കുട്ടിയുടെ അടുത്ത് വെച്ച് കീഴടക്കിയ ശേഷം പൂട്ടിയിട്ടു. അതിനുശേഷം സെയ്‌ഫും കുടുംബവും 12-ാം നിലയിലേക്ക് പോയി. ഈ സമയത്ത് പ്രതി ടോയ്‌ലറ്റ് ജനാലയിലൂടെ പുറത്തേക്ക് കടന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച അതേ ഇടുങ്ങിയ ഷാഫ്റ്റിലൂടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ എക്‌സിറ്റ് പടികൾ വരെ എത്തിയപ്പോൾ കെട്ടിടത്തിൻ്റെ ആറാം നിലയിലെ സിസിടിവി ക്യാമറയിൽ ഇത് പതിഞ്ഞിരുന്നു.
- സെയ്‌ഫ് താമസിക്കുന്ന കെട്ടിടത്തിന് എന്ത് തരത്തിലുള്ള സുരക്ഷാ സംവിധാനമാണുള്ളത്?
കെട്ടിടത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രധാന ഗേറ്റിൽ രണ്ട് ഗാർഡുകളും പിൻ ഗേറ്റിൽ ഒരാളും ഉണ്ടായിരുന്നു. കെട്ടിടത്തിൽ ആവശ്യത്തിന് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ ഗാർഡുകൾ പലപ്പോഴും ഒരു പരിശോധനയും കൂടാതെ പുറത്തുനിന്നുള്ളവരെ കെട്ടിടത്തിന് അകത്തേക്ക് പോകാൻ അനുവദിക്കുമായിരുന്നെന്ന് പ്രാദേശിക കച്ചവടക്കാരും ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞു.
“പച്ചക്കറികളോ പഴങ്ങളോ വേണമെന്ന ഓർഡർ ലഭിച്ചാൽ, ഞങ്ങൾ ഗേറ്റിൽ പോയി വാച്ച്മാനെ അറിയിക്കും. അദ്ദേഹം ഒരു കാർഡ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ഗേറ്റ് തുറക്കും, തുടർന്ന് ഞങ്ങൾ ലിഫ്റ്റിൽ കയറി സാധനങ്ങൾ അതത് നിലയിലേക്ക് എത്തിക്കും,” കെട്ടിടത്തോട് ചേർന്ന് കട നടത്തുന്ന ഒരു പച്ചക്കറി കച്ചവടക്കാരൻ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“ചിലപ്പോൾ വാച്ച്മാൻ ഇടയ്ക്കിടെ വിളിച്ച് പരിശോധിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ഞങ്ങളുമായി പരിചയമായതോടെ ഞങ്ങളെ ഒരു പരിശോധനയും കൂടാതെ അകത്തു കടക്കാൻ അനുവദിച്ചു,” -കച്ചവടക്കാരൻ പറഞ്ഞു. 12 നിലയുള്ള കെട്ടിടത്തിൻ്റെ ഓരോ നിലയിലും ഒരു ഫ്ലാറ്റ് മാത്രമേയുള്ളൂവെന്ന് വിൽപ്പനക്കാരൻ പറഞ്ഞു.
- എന്തു കൊണ്ടാണ് സെയ്‌ഫ് അലി ഖാനെ മകൻ ഇബ്രാഹിം ഓട്ടോ റിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയത്?
കരീനയും മക്കളായ തൈമൂറും ജഹാംഗീറും വീട്ടിൽ ഒറ്റയ്ക്ക് ആയതിനാലും അവരെ നോക്കാൻ ജോലിക്കാർ വേണമെന്നതിനാലും ആണ് ആക്രമണം നടന്നയുടനെ കുടുംബം ഖാൻ്റെ മൂത്ത മകൻ ഇബ്രാഹിമിനെ വിളിച്ചത്. ഇബ്രാഹിം ഒരു കെയർ ടേക്കറിനൊപ്പം ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പൊലീസ് സംശയിക്കുന്നു. കാറിൽ പോകാതെ ഇബ്രാഹിം സെയ്‌ഫിനെ ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തു കൊണ്ടാണെന്ന് വ്യക്തമല്ല.
5. വാർത്തകൾ
പ്രതിയുടെ സിസിടിവി ദൃശ്യം കൈവശമുണ്ടെങ്കിലും അയാളുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കെട്ടിടത്തിലും പരിസരത്തുമുള്ള വീട്ടുജോലിക്കാർക്ക് ഇടയിലും കച്ചവടക്കാർക്ക് ഇടയിലും അയാളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതുവരെ ആരും അയാളെ തിരിച്ചറിഞ്ഞിട്ടില്ല. അയാളെയോ കുടുംബാംഗങ്ങളെയോ ട്രാക്ക് ചെയ്യാൻ ഒരു മൊബൈൽ ഫോൺ നമ്പറോ മറ്റ് വിശദാംശങ്ങളോ പൊലീസിൻ്റെ പക്കലുമില്ല.