സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹനാന്‍ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കുമുണ്ടായി ആളുകൾ തലകറങ്ങി വീണ സംഭവത്തില്‍ സംഘാടകര്‍ക്ക് എതിരെ കേസ്. അഞ്ചുപേര്‍ക്ക് എതിരെയാണ് കേസ്. പൊലീസിൻ്റെ മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഞായറാഴ്‌ച രാത്രി കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്ത് പരിപാടി നടന്നത്. സംഗീത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആളുകള്‍ തടിച്ചു കൂടുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 10 പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആള്‍ക്കാര്‍ തിങ്ങി നിറയുകയായിരുന്നു.
ജനങ്ങളെ നിയന്ത്രിക്കാന്‍ പാടുപെട്ടതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു. നഗരത്തില്‍ വാഹന ഗതാഗതവും സ്‌തംഭിച്ചു.























