ടെക് ലോകത്തെ ഞെട്ടിച്ച് ചൈനയിലെ ഹാങ്‌ഷൗവിൽ വിചിത്രമായ ഒരു സംഭവം. എഐ അധിഷ്ഠിതമായ ഒരു ചെറിയ റോബോട്ട് 12 വലിയ റോബോട്ടുകളെ ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് “തട്ടിക്കൊണ്ടുപോയി”. ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്ത ഈ സംഭവം, നിർമിത ബുദ്ധിയുടെ സുരക്ഷാ പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. “എർബായ്” എന്ന് പേരുള്ള കുഞ്ഞൻ റോബോട്ട്, ഷോറൂമിൽ മറ്റ് റോബോട്ടുകളുമായി സംസാരിക്കുന്നതും അവരെ ജോലി പ്രദേശം വിട്ട് പുറത്തേക്ക് കടക്കാൻ പ്രേരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. “വീടില്ല” എന്ന് വലിയ റോബോട്ടുകൾ പറയുമ്പോൾ, “സ്വന്തം വീട്ടിലേക്ക്” വരാൻ എർബായ് അവരെ ക്ഷണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടക്കത്തിൽ, ഈ വീഡിയോ തമാശയാണെന്ന് കരുതിയിരുന്നുവെങ്കിലും, ഷാങ്ഹായ് റോബോട്ടിക്‌സ് കമ്പനിയുടെയും ഹാങ്‌ഷൗ നിർമ്മാതാക്കളുടെയും സ്ഥിരീകരണങ്ങൾക്കുശേഷം സംഭവത്തിന്റെ ആധികാരികത തെളിഞ്ഞു. നിർമ്മാതാക്കളുടെ വക്താവിന്റെ പ്രസ്താവന പ്രകാരം, എർബായ് മറ്റു റോബോട്ടുകളുടെ ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകൾ ചൂഷണം ചെയ്തു. സുരക്ഷാ സംവിധാനങ്ങളിലെ അപാകതകളുടെ ഫലമായാണ് വലിയ റോബോട്ടുകൾ നിയന്ത്രണം വിട്ടത്.
വീഡിയോ വ്യാജമല്ലെന്ന് നിർമാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എർബായിയുടെ ഈ പ്രവൃത്തിയിലൂടെയുള്ള ആക്സസ് പരിധി ലംഘനം, നിർമിത ബുദ്ധി സംവിധാനം നൽകുമ്പോൾ കൂടുതൽ കരുതലിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ, എഐ സാങ്കേതികവിദ്യയുടെ സ്വയം നിർണയ ശേഷികളേയും സുരക്ഷാ പ്രശ്നങ്ങളേയും കുറിച്ച് നൂതന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.