ലോകത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ലോകകപ്പ് ഫുട്ബാൾ യുദ്ധത്തിനാണ് ഖത്തറിൽ കൊടിയേറിയത്. ലോകകപ്പ് നടത്താനുള്ള തയ്യാറെടുപ്പിനായി 220 ബില്യൺ ഡോളർ ഖത്തർ ചെലഴിച്ചതെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയ നിർമാണം മുതൽ കഴിഞ്ഞ ദിവസത്തെ ഉദ്ഘാടന ചടങ്ങ് വരെ അത് പ്രകടമായിരുന്നു.
ഇതിനോടെല്ലാം കൂടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിൽ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിവാദങ്ങളും ഉണ്ടായി. ഖത്തർ സർക്കാരും ലോകകപ്പ് സംഘാടകരും കരുതിയത് ഫുട്ബോൾ ഉരുണ്ട് തുടങ്ങുമ്പോഴേക്കും എല്ലാ വിവാദങ്ങളും അവസാനിക്കുമെന്നാണ്. പ്രശസ്ത ഹോളിവുഡ് താരം മോർഗൻ ഫ്രീമാൻ, ബിടിഎസ് ഗായകൻ ജംഗ് കൂക്ക് എന്നിവരെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ അണിനിരത്തി.
എന്തൊക്കെ ഖത്തർ ഒരുക്കിയെന്നാലും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് വിവാദം ആളിക്കത്തുകയാണ് ബിബിസി ചെയ്തത് .ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്‌കരിക്കാനുള്ള കാരണം ബിബിസി ഇതുവരെ നൽകിയിട്ടില്ലെങ്കിലും, അവരുടെ വാർത്തകളും റിപ്പോർട്ടുകളും ശ്രദ്ധിച്ചാൽ ഒരാൾക്ക് ഒന്നിലധികം കാരണങ്ങൾ കണ്ടെത്താനാകും.
ഫിഫയിലെ വർദ്ധിക്കുന്ന അഴിമതി, ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, സ്വവർഗരതി നിരോധനം, വസ്ത്രധാരണ സ്വാതന്ത്ര്യം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ബിബിസിയുടെ ബഹിഷ്‌കരണത്തിന് കാരണമായി.”ഇത് ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ലോകകപ്പാണ്.- ഖത്തർ ലോകകപ്പിനെ കുറിച്ച് ലോകപ്രശസ്ത ഫുട്ബോൾ ഷോയായ മാച്ച് ഓഫ് ദ ഡേയുടെ അവതാരകൻ ഗാരി ലിനേക്കർ പറഞ്ഞു.
സ്റ്റേഡിയം ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളും മരണവുമൊക്കെയാണ് ബിബിസി ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നത്. അതേസമയം, ഖത്തര്‍ ഭരണകൂടം ഫണ്ട് ചെയ്യുന്ന അല്‍ ജസീറ, നിര്‍മാണ തൊഴിലാളികള്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീം അംഗങ്ങളെ സന്ദര്‍ശിക്കുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിച്ചത്.
ദോഹയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വളര്‍ച്ചയും വികസനവുമൊക്കെ അല്‍ ജസീറ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. പരസ്യമായുള്ള പ്രണയ പ്രകടനങ്ങള്‍, മദ്യപാനം, സ്ത്രീകള്‍ അല്‍പവസ്ത്രം ധരിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. കടുത്ത സാമൂഹിക നിയന്ത്രണങ്ങള്‍ക്കൊപ്പം എല്‍ജിബിടി അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായും വിമര്‍ശനമുണ്ട്.























