| എസ് ലല്ലു
നൂറോ ഇരുന്നൂറോ പാട്ടുകളല്ല. അയ്യായിരത്തോളം പാട്ടുകൾ.. ഒരു കടലോളം പാട്ടുകൾ തന്നിട്ടാണ് ബിച്ചു തിരുമല മടങ്ങുന്നത്. ഐ വി ശശിക്ക് വേണ്ടി 33 സിനിമകൾക്ക് പാട്ടെഴുതി. ബിച്ചു തിരുമല ശ്യാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പാട്ടുകളുടെ പട്ടിക നോക്കു. ഒട്ടുമിക്കതും സൂപ്പർ ഹിറ്റുകളാണ്. കണ്ണും കണ്ണും ,പാവാട വേണം, അങ്ങനെ നീളും ആ നിര.
ബിച്ചു തിരുമല സഹകരിച്ച സംഗീത സംവിധായകരുടെ പട്ടിക നമ്മളെ അത്‌ഭുതപ്പെടുത്തും ദേവരാജൻ മാസ്റ്ററും ദക്ഷിണാമൂർത്തി സ്വാമിയും തുടങ്ങി ഇളയരാജയും കടന്ന് എ ആർ റഹ്മാൻ അവതരിച്ച യോദ്ധയ്ക്കും വരികൾ എഴുതി.ഇത്രയധികം സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ച മറ്റൊറ്റു ഗാനരചയിതാവ് ഉണ്ടാകില്ല.
81 ലെ ആദ്യ സംസ്ഥാന അവാർഡ് കിട്ടിയ പാട്ടുകൾ നോക്കു, തൃഷ്ണയിലേയും തേനും വയമ്പിലേയും പാട്ടുകൾ ഇന്നും സൂപ്പർ ഫേവറിറ്റുകളാണ്. 91 ൽ രണ്ടാം അവാർഡ് കിട്ടിയ കടിഞ്ഞൂൽ കല്യാണത്തിലെ പാട്ടുകളും ഗംഭീരം. രണ്ടേ രണ്ട് സംസ്ഥാന അവാർഡുകൾ. അതിനെല്ലാം അപ്പുറത്താണ് ജനപ്രിയ ഗാനങ്ങൾ എഴുതി വിസ്മയിപ്പിച്ച ബിച്ചു തിരുമലയുടെ സ്ഥാനം.
ഓലത്തുമ്പത്തിരുന്ന് ഊയലാടാത്ത മലയാളിയുണ്ടാകുമോ? വാക പൂമരം ചൂടിയ വാരിളം പൂങ്കുലയിൽ വാടകയ്ക്ക് മുറിയെടുത്ത വടക്കൻ തെന്നലിനെ കുറിച്ച് പാടിയ കാമുകന് വേണ്ടി അതെഴുതിയ ബിച്ചു തിരുമല തന്നെയാണ് പതിറ്റാണ്ടുകൾക്കിപ്പുറം മുഴക്കോല് പോലും കൂടാനെ കാമുകിയെ അളന്നിട്ട കാമുകനുവേണ്ടിയും വരികൾ എഴുതിയത്. അസാധാരണ വൈവിധ്യമായിരുന്നു ബിച്ചു തിരുമല എന്ന ഗാനരചയിതാവിന്റെ കരുത്ത് .























