നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാട്ടുന്നത് ഏറ്റവും ഹീനമായ സമീപനമാണ്. ബിജെപി സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ സമീപനം അവസാനം പൊട്ടിത്തെറിയിലേക്ക് എത്തും. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ ബേബി.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയമായ വിഭജനനയം ഇന്ത്യയെന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്. രാജ്യത്തിന്റെ റവന്യുവരുമാനത്തിന്റെ 62.3 ശതമാനവും കേന്ദ്രത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുന്നത് 37.7 ശതമാനം മാത്രമാണ്. എന്നാല്‍ രാജ്യത്തിന്റെ മൊത്തം റവന്യു ചെലവിന്റെയും 62 ശതമാനം ചെലവിടുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്.
അതിന് ആനുപാതികമായി വരുമാനം പങ്കിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ വൈരാഗ്യത്തോടെ ഞെരുക്കുകയാണ്. ചൂരല്‍മലയിലെയും മുണ്ടക്കൈയിലേയും കണ്ണൂനീര്‍ കാണാന്‍ കഴിയാത്ത മരിവിച്ച മനസ്സാണ് മോദി സര്‍ക്കാരിന്റേതെന്നും എം.എ. ബേബി പറഞ്ഞു.























