കോൺഗ്രസ് പാർട്ടിക്കെതിരെ മലയാളത്തിലെ വാർത്താ ചാനലായ റിപ്പോര്‍ട്ടര്‍ ടിവി വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുകയാണെന്നും, അതുകൊണ്ട് ഈ ചാനല്‍ ബഹിഷ്‌കരിക്കാന്‍ അണികള്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍.
നിർണ്ണായകമായ ഈ തീരുമാനം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം ലിജുവാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കെപിസിസി മീഡിയ ഇന്‍-ചാര്‍ജ്മാര്‍ക്കും കൈമാറിയത്.
വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യയുടെ പേരില്‍ ചാനല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നാണ് കെപിസിസി ഉയർത്തുന്ന പ്രധാന ആരോപണം. തങ്ങൾക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുകയോ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസുകളില്‍ നിന്ന് പിന്മാറുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.എം ലിജു അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്ന സമീപനമാണ് ചാനല്‍ സ്വീകരിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെങ്കിലും, നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്താനുള്ള ചാനലിന്റെ ശ്രമം നിസ്സാരമായും നിഷ്‌ക്കളങ്കമായും കരുതുക വയ്യ.
ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ തന്നെ സ്വാധീനിച്ച്, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനാല്‍ ജനാധിപത്യം തന്നെ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന വസ്തുത തള്ളിക്കളയാന്‍ സാധിക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകളെയും സമീപനങ്ങളെയും പാര്‍ട്ടി വളരെ ഗൗരവത്തോടുകൂടി കണക്കിലെടുത്ത് മാധ്യമ ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കും. ചാനലിന്റെ ഭാഗത്തുനിന്നും മാപ്പ് പറച്ചിലോ, കേസുകള്‍ പിന്‍വലിക്കുകയോടെ ചെയ്യാതെ ഇനി സഹകരണമില്ലെന്ന് കെപിസിസി പ്രസിഡന്റ് ഔദ്യോഗികമായി തീരുമാനമെടുത്തുവെന്നും കത്തില്‍ പറയുന്നുണ്ട്.