കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം. ഹിമാചലിനും പഞ്ചാബിനും 3100 കോടിയുടെ അടിയന്തര പ്രളയബാധിത ധന സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രളയമേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം. വയനാട് മുണ്ടക്കൈ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളത്തിന് പ്രത്യേക സഹായം പ്രഖ്യാപിക്കാതെ ആണ് മോദിയുടെ ഇരട്ട നീതി.
പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി കേരളത്തെ അവഗണിച്ചാണ് ഇരുസംസ്ഥാനങ്ങള്‍ക്കും പ്രത്യേക ധന സഹായം പ്രഖ്യാപിച്ചത്. പഞ്ചാബിന് 1600 കോടിയുടെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് ഇതിനകം ലഭിച്ചിട്ടുള്ള 12,000 കോടി രൂപക്ക് പുറമെയാണ് പ്രത്യേക സഹായ പ്രഖ്യാപനം.
ഹിമാചല്‍ പ്രദേശിന് 1500 കോടിയുടെ അടിയന്തര ധന സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും. സര്‍ക്കാര്‍ നിരന്തരമായി സമ്മര്‍ദം ചെലുത്തിയ ശേഷമാണ് ധനസഹായം പ്രഖ്യാപിച്ചത് എന്നും വയനാടിന് ഇതുവരെ ധനസഹായം പ്രഖ്യാപിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
വയനാട് മുണ്ടക്കൈ ദുരന്ത സ്ഥലം മോദി നേരിട്ടെത്തി സന്ദര്‍ശിച്ചിട്ടും സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത് വരെയും തയ്യാറായിട്ടില്ല. എസ്.ടി.ആര്‍.എഫ് തുക വിനിയോഗത്തിലെ സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞു വെച്ചിരിക്കുന്നത്. അതേസമയം കേരളത്തോടുള്ള അവഗണനക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.























