ന്യൂഡൽഹി: രാജ്യത്തെ മൊത്തം സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം 2023-24ൽ തൊട്ടുമുമ്പത്തെ അഞ്ച് വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 1.32 കോടി ഇടിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 2023-24ൽ പ്രീ പ്രൈമറിതലം മുതൽ ഹയർസെക്കന്‍ഡറി വരെ അംഗീകൃത സ്‌കൂളുകളിൽ ആകെ 24.80 കോടി വിദ്യാർഥികളാണുള്ളത്.
2018-19 മുതൽ 2022-23 വരെ വിദ്യാർഥികളുടെ എണ്ണത്തിൻ്റെ പ്രതിവർഷ ശരാശരി 26.12 കോടി ആയിരുന്നു. 2018-19 മുതൽ 2021-22 വരെയുള്ള ശരാശരി എടുത്താൽ 26.36 കോടിയും. ഇതിനെ അപേക്ഷിച്ച് 1.52 കോടിയുടെ കുറവാണ് 2023-24ൽ. സ്‌കൂൾ വിദ്യാഭ്യാസമേഖലയുടെ സ്ഥിതിവിവരക്കണക്ക് ഉൾക്കൊള്ളുന്ന യുഡിഐഎസ്‌ഇ+ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ആധാർ ബന്ധിതമായി കുട്ടികളുടെ വിവരം കൃത്യമായി രേഖപ്പെടുത്തിയതോടെ ഇരട്ടിപ്പ് ഒഴിവായതാണ് എണ്ണത്തിലെ വൻ ഇടിവിന് കാരണമെന്ന് വിവിധ സംസ്ഥാന സർക്കാരുകൾ പ്രതികരിച്ചു. ബിഹാറിൽ 2018-19നെ അപേക്ഷിച്ച് 2023-24ൽ വിദ്യാർഥികളുടെ എണ്ണം 35.65 ലക്ഷം ഇടിഞ്ഞു. ഉത്തർപ്രദേശിൽ 28.36 ലക്ഷം, മഹാരാഷ്‌ട്രയിൽ 18.55 ലക്ഷം വീതമാണ് ഇടിവ്. കേരളത്തിൽ 79,000 ആണ് കുറഞ്ഞത്. ജനസംഖ്യാ ആനുപാതികമായി നോക്കിയാൽ കേരളത്തിലെ ഇടിവിൻ്റെ നിരക്ക് താരതമ്യേന വളരെ കുറവാണ്.
അഖിലേന്ത്യാ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. പെൺകുട്ടികളുടെ നാലുവർഷ ശരാശരി (2018-19 മുതൽ 2022-23 വരെ) 12.66 കോടി ആയിരുന്നെങ്കിൽ 2023-24ൽ ഇത് 11.93 കോടിയായി. ആൺകുട്ടികളുടെ എണ്ണം 13.7 കോടിയിൽ നിന്ന് 12.87 കോടിയായി. സർക്കാർ, സ്വകാര്യ മേഖലകളിൽ ഒരുപോലെ ഇടിവുണ്ടായി. സർക്കാർ മേഖലയിൽ 5.59 ശതമാനവും സ്വകാര്യമേഖലയിൽ 3.67 ശതമാനവും ആണ് ഇടിവിൻ്റെ തോത് റിപ്പോർട്ട് ചെയ്‌തത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.