യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ ചരക്കുകൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്കെതിരെ ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) കേസ് ഫയൽ ചെയ്യുകയും മറ്റ് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവന പ്രകാരം, അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് വർദ്ധന ഡബ്ല്യുടിഒ നിയമങ്ങളെ ഗുരുതരമായി ലംഘിക്കുന്നതായി ചൈന കാണുന്നു . ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ട്രംപ് ശനിയാഴ്ച പുതിയ താരിഫ് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരുടെയും ഫെൻ്റനൈൽ പോലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകളുടെയും യുഎസിലേക്കുള്ള ഒഴുക്ക് തടയുന്നതിൽ മൂന്ന് രാജ്യങ്ങളുടെ പരാജയത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം.
താരിഫുകൾ വർധിപ്പിക്കുന്നതിനായി, ഇറക്കുമതി ഏകപക്ഷീയമായി നിയന്ത്രിക്കാൻ പ്രസിഡൻ്റിനെ അധികാരപ്പെടുത്തുന്ന ഇൻ്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർസ് ആക്ട് (ഐഇഇപിഎ) നടപ്പാക്കിക്കൊണ്ട് ട്രംപ് ദേശീയ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഫെബ്രുവരി 4 മുതൽ പ്രാബല്യത്തിൽ വരുന്ന താരിഫുകൾ മെക്സിക്കോയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും കാനഡയിൽ നിന്നുള്ള ഒട്ടുമിക്ക സാധനങ്ങൾക്കും 25% നികുതിയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% തീരുവയുമാണ് ഈടാക്കുക . വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച ഒരു വസ്തുതാ ഷീറ്റ് അനുസരിച്ച്, പ്രതിസന്ധി ലഘൂകരിക്കുന്നത് വരെ താരിഫുകൾ ഇളവുകളില്ലാതെ നിലനിൽക്കും . അമേരിക്കയുടെ നടപടിയിൽ ചൈനയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും അതിനെ ശക്തമായി എതിർക്കുന്നതായും ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു .