ഡിസംബര്‍ 25 ആണ് ക്രിസ്മസ് എന്ന് നമുക്കറിയാം. എന്നാല്‍, ലോകത്തിലെ ചില ഭാഗങ്ങളിലെ ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ജനുവരി 7ന് ആഘോഷിക്കുന്നു. ഈ വ്യത്യാസത്തിന് പിന്നില്‍ പഴയകാല കലണ്ടറാണ് കാരണം.
യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള ചില ഓര്‍ത്തഡോക്‌സ് ക്രൈസ്തവ കമ്മ്യൂണിറ്റികള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാറില്ല. പകരം ജനുവരി 7നാണ് ആഘോഷിക്കുന്നത്. ഇവര്‍ പതിവായി ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുമെങ്കിലും ക്രിസ്മസ് പോലെയുള്ള മതപരമായ ആഘോഷങ്ങള്‍ക്കായി ജൂലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്.
ജൂലിയന്‍ കലണ്ടറിൻ്റെ ഉത്ഭവവും പ്രശ്നങ്ങളും
ബിസി 46ല്‍ റോമന്‍ ഭരണാധികാരിയായ ജൂലിയസ് സീസറിൻ്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയതാണ് ജൂലിയന്‍ കലണ്ടര്‍. കാലം കണക്കാക്കുന്നതിലെ കൃത്യതയില്ലായ്‌മ കാരണം 1582ല്‍ പോപ്പ് ഗ്രിഗറി പുതിയ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ചു. ഇതാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം ക്രൈസ്തവരും രാജ്യങ്ങളും ഇക്കാലത്ത് പിന്തുടരുന്നത്.
എന്നിരുന്നാലും, ചില ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിഭാഗങ്ങള്‍ ഗ്രിഗോറിയന്‍ കലണ്ടറിനെ അംഗീകരിച്ചില്ല. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 ആയ ദിനം, ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7ന് ആയതിനാല്‍ ഈ വിഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷം ജനുവരിയിലേക്ക് മാറ്റി.
റഷ്യ, ഈജിപ്റ്റ്, ഈഥിയോപ്പിയ, സെര്‍ബിയ, ജോര്‍ജിയ, ഉക്രൈന്‍, എന്നിവിടങ്ങളിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ് പ്രധാനമായും ഈ രീതിയില്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. ഒട്ടുമിക്ക വിശ്വാസികളുടേയും പക്കല്‍ ക്രിസ്മസ് ഡിസംബര്‍ 25 ആയിരുന്നാലും ജൂലിയന്‍ കലണ്ടറിനെ പിന്തുടരുന്ന ഓര്‍ത്തഡോക്‌സ് കമ്മ്യൂണിറ്റികളില്‍ ഈ ആഘോഷം ജനുവരി 7ന് ഭക്തിപൂര്‍വ്വം നടത്തപ്പെടുന്നു.