30 April 2024

ദയവായി എന്നെ ഒഴിവാക്കണം; എം ടിയോട് മാപ്പ് ചോദിച്ച് ചുള്ളിക്കാട്

ഞാന്‍ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാന്‍ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം.

ഇനി ഒരിക്കലും സാഹിത്യ പ്രഭാഷകൻ ആയി വേദികളിൽ എത്തില്ല എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തിരൂർ തുഞ്ചൻപറമ്പിൽ നടക്കാനിരുന്ന സാഹിത്യ പ്രഭാഷണത്തിൽ നിന്നും സ്വയം പിന്മാറിക്കൊണ്ട് ആയിരുന്നു ചുള്ളിക്കാടിന്റെ ഈ പ്രസ്താവന.

മാസങ്ങൾക്ക് മുൻപ് കേരള സാഹിത്യ അക്കാദമിയിൽ സംസാരിക്കാൻ പോകുകയും അന്ന് കാർ വാടക പോലും തരാതെ ആണ് തന്നെ പരിചരിച്ചത് എന്നുമുള്ള ചുള്ളിക്കാടിന്റെ പ്രസ്താവന വലിയ വിമര്ശനങ്ങളോടെ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അന്ന് നേരിട്ട അപമാനം കൊണ്ടാണ് ഈ തീരുമാനത്തിലേക്ക് എത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ തന്റെ നയം വ്യക്തമാക്കിക്കൊണ്ട് ആണ് ചുള്ളിക്കാട് ഈ കാര്യം പൊതുസമൂഹത്തെ അറിയിച്ചത്.

ചുള്ളിക്കാട് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങിനെ:

ബാല്യംമുതല്‍ എം.ടി വാസുദേവന്‍ നായരുടെ വായനക്കാരനായിരുന്നു ഞാന്‍. 1980-ല്‍ ഞാന്‍ ആലുവ യു.സി കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കവിയരങ്ങിലേക്ക് ക്ഷണിച്ചുകൊണ് എം.ടി വാസുദേവന്‍ നായരുടെ കത്ത് എനിക്കുകിട്ടുന്നത്. അന്ന് എം.ടി സാറിനെ വ്യക്തിപരമായി പരിചയമില്ലാതിരുന്ന എന്നെ ആ ക്ഷണം വലിയ ഒരുംഗീകാരമായി സന്തോഷിപ്പിച്ചു. അന്നുമുതല്‍ സ്‌നേഹാദരപൂര്‍ണമായ വ്യക്തിബന്ധം അദ്ദേഹത്തോട് ഞാന്‍ പുലര്‍ത്തിപ്പോരുന്നു. ഞാന്‍ മാഷേ എന്നാണ് അദ്ദേഹത്തെ വിളിക്കുക.

പിന്നീട് തുഞ്ചന്‍ പറമ്പില്‍ സാഹിത്യപ്രഭാഷണങ്ങള്‍ക്കായി അനേകം പ്രാവശ്യം അദ്ദേഹം എന്നെ ക്ഷണിച്ചിട്ടുണ്ട്. അനേകം പ്രഭാഷണങ്ങള്‍ അവിടെ ഞാന്‍ നടത്തിയിട്ടുണ്. കുറച്ചുനാള്‍മുമ്പ് അദ്ദേഹം എന്നെ വിളിച്ചു. ‘ഷേക്‌സ്പിയറിനെക്കുറിച്ച് ഒരു പ്രഭാഷണം ബാലന്‍ നടത്തണം.’

ഞാന്‍ വിനയപൂര്‍വം പറഞ്ഞു: ‘അതിനുവേണ്ട അറിവും ആത്മവിശ്വാസവും എനിക്ക് ഇല്ല മാഷേ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ ആശാന്‍കവിതയെക്കുറിച്ച് ആയാലോ. ‘അതാവാം’ ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞു. ഇന്ന് തുഞ്ചന്‍ പറമ്പില്‍ നിന്ന് ശ്രീകുമാര്‍ വിളിച്ചുചോദിച്ചു: ‘എം.ടിസാര്‍ പറഞ്ഞിരുന്ന ആ പ്രഭാഷണം നമുക്ക് എന്നുനടത്താം എന്ന് അദ്ദേഹം ചോദിക്കുന്നു.’

ഞാന്‍ ഇങ്ങനെ മറുപടി നല്‍കി: ഞാന്‍ സാഹിത്യപ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാന്‍ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തില്‍ നിന്ന് ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.’ പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായര്‍, അങ്ങ് എന്നോട് സര്‍വാത്മനാ ക്ഷമിക്കണം. ഞാന്‍ കാര്‍വാടകപോലും അര്‍ഹിക്കുന്നില്ല എന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പില്‍ സാഹിത്യപ്രഭാഷകനായി വന്നുനില്‍ക്കാന്‍ ഇനിയൊരിക്കലും ഞാനില്ല.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. പ്രസ്തുത പോസ്റ്റിലും അതി ഭീകരമായ വിമർശനങ്ങൾ ആണ് ചുള്ളിക്കാട് നേരിട്ടുകൊണ്ടിരിക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News