പൃഥ്വിരാജിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധ ശബ്‌ദമെന്നാണ് ഓർഗനൈസർ ആവർത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചതിൽ പേരുകേട്ട ആളാണ്. സേവ് ലക്ഷദ്വീപ് എന്ന പ്രചാരണത്തിന് പൃഥ്വിരാജ് നേതൃത്വം നൽകി.
സിഐഎ പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശബ്‌ദമുയർത്തി. സിഐഎ പ്രതിഷേധത്തിൽ ജാമിയ വിദ്യാർത്ഥികളെ പിന്തുണച്ചു. സിഐഎ പ്രതിഷേധത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സിഐഎ പ്രതിഷേധത്തിന് പിന്തുണ നൽകിയതിലൂടെ ദേശവിരുദ്ധത ആണ് തെളിയുന്നത് എന്നും ഓർഗനൈസർ വിമർശിച്ചു.
സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്‌തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്.
കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു.
അതേസമയം, സംഘപരിവാർ ഭീഷണിക്ക് പിന്നാലെ എമ്പുരാൻ റീ എഡിറ്റ് ചെയ്‌തു. മൂന്നു മിനുട്ട് ഭാഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്‌തുവെന്നാണ് വിവരം. ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങൾ മാറ്റി. വില്ലൻ്റെ ബജ്റംഗി എന്ന പേരിലും മാറ്റും. റീ എഡിറ്റ് ചെയ്‌ത ചിത്രം തിങ്കളാഴ്‌ച തിയേറ്ററിലെത്തും. പുതിയ പതിപ്പിന് സെൻസർ ബോർഡ് അനുമതി നൽകി. കേന്ദ്ര സെൻസർ ബോർഡാണ് റീ എഡിറ്റിംഗ് നിര്‍ദേശം നല്‍കിയത് എന്നാണ് വിവരം.
എമ്പുരാൻ വിവാദത്തിൽ ഖേദ പ്രകടനവുമായി നടൻ മോഹൻലാൽ. സിനിമയുടെ ആവിഷ്‌കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ- സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞുവെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവാദമായ വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.