കേന്ദ്രസർക്കാരിന്റെ സ്മാർട്ട് മീറ്റർ പദ്ധതി രാജ്യത്ത് ഒരിടത്തും നടപ്പാക്കേണ്ടതില്ലെന്ന നിലപാടുമായി സിപിഎം പൊളിറ്റ് ബ്യൂറോ. പദ്ധതിയുമായി മുന്നോട്ടുപോകാൻ ശ്രമിച്ച കേരളത്തിലെ ഇടതു സർക്കാർ ഇതോടെ വെട്ടിലായി. മോദി സർക്കാർ കൊണ്ടുവന്ന സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ പല സംസ്ഥാനങ്ങളും നിർബന്ധിതരായെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമുള്ള പരസ്യ നിലപാടാണ് പിബി സ്വീകരിച്ചത്.
ക്രമേണ വൈദ്യുതി വിതരണത്തിൽ നിന്ന് സംസ്ഥാന സർക്കാരുകളെ ഒഴിവാക്കി പകരം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അതിലൂടെ സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കുകയും സാധാരണക്കാരുടെയും കർഷകരുടെയും ദുരിതം ഇരട്ടിപ്പിക്കുകയും ചെയ്യും. സ്മാർട് മീറ്റർ പദ്ധതി ഉടൻ റദ്ദാക്കണം’-സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു.
കേരളത്തിൽ ജനതാദൾ (എസ്) വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്‌മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ ശ്രമം നടക്കുമ്പോൾ വിപരീത നയമാണ് സി.പി.എം. കേരള നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് പിബി നയം വ്യക്തമാക്കാനാണ് സാധ്യത. സ്മാർട് മീറ്ററിനെതിരെ പിബി തന്നെ തിരിഞ്ഞതോടെ കേരളത്തിൽ നടപ്പാക്കാനുള്ള സാധ്യത കുറഞ്ഞു.
നേരത്തെ ഇടതുമുന്നണി യോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി സ്മാർട്ട് മീറ്റർ നിർദേശിച്ചപ്പോൾ സിപിഐ എതിർത്തിരുന്നു. എങ്കിലും പദ്ധതിക്കായി ശ്രമം തുടരുന്ന രീതിയാണ് മന്ത്രി സ്വീകരിച്ചത്. കേരളത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ വൈദ്യുതി ബോർഡിലെ ഭരണ-പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കുകയാണ്. സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയും പിരിച്ചുവിടലിലേക്ക് നയിക്കുകയും ചെയ്യുന്ന സ്മാർട്ട് മീറ്ററുകൾ തൊഴിലാളി വിരുദ്ധമാണെന്ന് യൂണിയനുകൾ ആരോപിച്ചു.