“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചുവന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. അപ്പ പക്ഷേ വളരെ ഗ്രേസോടെ എല്ലാം അതിജീവിച്ചു”
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി. തമിഴ്‌നാട്ടിലെ നീലഗിരിയിൽ വേരുകളുള്ള ‘ബഡഗ’ സമുദായത്തിൽ ഉള്ളവരാണ് സായ് പല്ലവിയുടെ കുടുംബം. തൻ്റെ അച്ഛൻ സെന്താമരൈ കണ്ണനെ കുറിച്ച് ഒരു അഭിമുഖത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പേളി മാണിയുടെ ദീപാവലി സ്പെഷൽ എപ്പിസോഡിലാണ് അതിഥിയായി സായ് പല്ലവി എത്തിയത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ സായ് പല്ലവി പേളിയുമായി പങ്കുവച്ചു. സായ് പല്ലവി തൻ്റെ അച്ഛൻ്റെ ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയെ കുറിച്ചും അതിനെ അദ്ദേഹം എങ്ങനെ തരണം ചെയ്‌തുവെന്നും സായ് പല്ലവി തുറന്നു പറഞ്ഞു.
“എൻ്റെ ഡാഡി വലിയൊരു ഫുട്ബോൾ പ്ലെയറായിരുന്നു. ഇന്ത്യക്ക് വേണ്ടി ഫുട്ബോൾ കളിച്ചിരുന്നു. പിന്നീട് കാലു പോയി. രണ്ടുകാലിലും സ്റ്റീൽ ഇടേണ്ടി വന്നു. അതിന് ശേഷമാണ് സെൻട്രൽ ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ചത്. ഈ വർഷമാണ് അദ്ദേഹം റിട്ടയറായത്,” -സായ് പല്ലവി പറഞ്ഞു.
“ഒരു ഡാൻസർ എന്ന രീതിയിൽ എൻ്റെ കാലൊടിഞ്ഞു പോയാൽ തിരിച്ചു വന്ന് ഞാൻ ഡാൻസ് ചെയ്യുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. എനിക്കത്ര വിൽ പവർ ഇല്ല. ഞാൻ പക്ഷേ, അപ്പയോട് ചോദിച്ചിട്ടുണ്ട്, കാലൊടിഞ്ഞതിന് ശേഷം എങ്ങനെയാണ് വീണ്ടും ഫുട്ബോളിനെ സ്നേഹിക്കാനും അതിനെയെല്ലാം റിക്കവർ ചെയ്‌ത് ജോലിയ്ക്ക് കയറാനും കഴിഞ്ഞത്?
അപ്പ ഹാപ്പിയാണോ എന്ന്? ഒരു ഹാപ്പി ഫാമിലിയും കുട്ടികളുമുണ്ടെങ്കിൽ പ്രതിസന്ധികളെയൊക്കെ തരണം ചെയ്‌ത് എന്ത് നമുക്ക് പ്രൊവൈഡ് ചെയ്യാനാവുമെന്ന് നാം ആലോചിക്കും എന്നായിരുന്നു അപ്പയുടെ മറുപടി. അദ്ദേഹത്തിന് അതൊക്കെ ഈസിയായ കാര്യങ്ങളായിരുന്നു. വളരെ ഗ്രേസോടെ അദ്ദേഹം എല്ലാം അതിജീവിച്ചു. ഇതൊന്നും വലിയ വിഷയമല്ലെന്ന രീതിയിൽ അദ്ദേഹം ജീവിച്ചു,” -സായ് പല്ലവി കൂട്ടിച്ചേർത്തു.
അച്ഛൻ്റെ 60-ാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് സായ് പല്ലവി പങ്കുവച്ച കുറിപ്പിലും അദ്ദേഹത്തിലെ ഫുട്ബോളറോടുള്ള സായ് പല്ലവിയുടെ ആദരവ് പ്രകടമാണ്.
“ഈ സമാധാനപരമായ ജീവിതം ഞങ്ങൾക്ക് നൽകാൻ നിങ്ങൾ ചെയ്‌ത എല്ലാത്തിനും നന്ദി! മികച്ച ജീനുകൾക്ക് നന്ദി, നിങ്ങളുടെ കരുത്തുറ്റ ഫുട്ബോൾ കളിക്കാരൻ്റെ ആ കാലുകൾ മുതൽ മൈഗ്രെയ്ൻ വരെ സമ്മാനിച്ചു. വളരെ സെൻസിറ്റീവ് ആയിരിക്കുമ്പോഴും ശക്തനായി നിന്ന് എന്നെയും പൂജയയേയും പ്രചോദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നതിനും നന്ദി,” എന്നാണ് സായ് പല്ലവി കുറിച്ചത്.