എസ്. ജെ. സൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘മാനാട്’ എന്ന തമിഴ് ചിത്രത്തിൽ അദേഹത്തിന്റെ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. നായകൻ വരുന്നു വെടി വെക്കുന്നു മരിക്കുന്നു വീണ്ടും വരുന്നു,ഇതാണ് ആ ചിത്രത്തിന്റെ പ്രേമേയം. സോഷ്യൽ മീഡിയയിലൂടെ താരമായ ‘മീശ വിനീത്’ ന്റെ അവസ്ഥയും ഇപ്പോൾ ഇതിന് സമാനമാണ്.
വള്ളം പോലെയുള്ള മീശയും ഇൻസ്റ്റാഗ്രാമിലെ ഫിൽറ്ററും കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായിരുന്നു വിനീത്. കുറച്ച് നാളുകൾക്ക് മുൻപാണ് ലൈംഗീക അതിക്രമ കേസിൽ ആദ്യമായി ഇയാൾ പിടിയിലാകുന്നത്. ഇയാൾ പോലീസ് പിടിയിലായതോടെ ഇയാളുടെ യഥാർത്ഥ മുഖം പുറത്തുവന്നു. അതോടെ ഫാൻസ് ഉൾപ്പടെ തള്ളിപ്പറഞ്ഞു.
ജയിൽവാസം പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം ഇൻസ്റ്റാഗ്രാം റീൽസിൽ സജീവമാകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വീണ്ടും ക്രിമിനൽ കേസിൽ പിടിയിലായി ജയിലിൽ പോയി. അതുകഴിഞ്ഞു പുറത്തിറങ്ങിയ ഉടനെയാണ് ഇപ്പോൾ വീണ്ടും യുവാവിനെ മർദിച്ച കേസിൽ പിടിയിലായിരിക്കുന്നത്.
മീശ വിനീത് പിടിയിലായ സമയത്ത് ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലും സജീവരായ പലരും ഇത്തരം കേസുകളിൽ പിടിയിലായിരുന്നു. എന്നാൽ നിരന്തരമായി ഒന്നിന് പുറകെ വീണ്ടും കേസുകൾ വരുന്നത് ഇയാൾക്ക് മാത്രമാണ്. പിടിയിലായാലും മാതൃകപരമായി ശിക്ഷിക്കപെട്ടാലും തെറ്റിൽ നിന്ന് മാറുന്നില്ല എന്നതാണ് ശ്രദ്ധേയം.
സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ക്രിമിനലുകളുടെ മികച്ച ഉദാഹരമാണ് മീശ വിനീതിനെ പോലെയുള്ളവർ. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി ഫോളോവേർസിനെ കൂട്ടാനും ഒരുപറ്റം ആളുകൾ ഇത്തരം പ്രവർത്തികൾ കാണിക്കാറുണ്ട്. ചെറിയ കുട്ടികൾ മുതൽ അംഗങ്ങൾ ആയിട്ടുള്ള പൊതുഇടങ്ങളാണ് ഇന്നത്തെ സൈബർ സ്പേസ്. അവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ അത് അവരെയും ബാധിക്കും.