തന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മഹേന്ദ്ര സിംഗ് ധോണി മറുപടി നൽകിയതോടെ, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ വാർത്തയാണ് ലഭിച്ചത്ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് ഉടൻ പിന്മാറാൻ പദ്ധതിയില്ലെന്ന് ധോണി ഉറച്ചു പറഞ്ഞു.
മഹേന്ദ്ര സിംഗ് ധോണി വിരമിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി പ്രചരിച്ചിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാൻ സിംഗും ദേവകി ദേവിയും പ്രത്യക്ഷപ്പെട്ടതോടെ ഇത് കൂടുതൽ ശ്രദ്ധ നേടി. അദ്ദേഹത്തിന്റെ മാതാപിതാക്കൾ മത്സരങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത് വളരെ അപൂർവമായതിനാൽ, ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കുമെന്ന് പലരും കരുതി.
പക്ഷെ , ധോണി ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. “ഞാൻ ഇപ്പോഴും കളിക്കുന്നുണ്ട്. എന്റെ ശരീരം എന്നെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് എല്ലാ വർഷവും ഞാൻ വിലയിരുത്തുന്നു. എന്റെ വിരമിക്കൽ തീരുമാനം പൂർണ്ണമായും എന്റെ ശരീരത്തെ ആശ്രയിച്ചിരിക്കും. എന്റെ ശരീരം അനുവദിക്കുന്നിടത്തോളം, ഞാൻ കളിക്കുന്നത് തുടരും.” ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
നിലവിൽ 43 വയസ്സുള്ള മഹേന്ദ്ര സിംഗ് ധോണി തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത് തുടരുകയും കളിക്കളത്തിൽ യുവ കളിക്കാരുമായി മത്സരിക്കുകയും ചെയ്യുന്നു. ഈ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ വിജയത്തോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയത്, എന്നാൽ പിന്നീട് തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങി. ഏപ്രിൽ 8 ന് ചണ്ഡീഗഡിൽ പഞ്ചാബ് കിംഗ്സിനെ നേരിടാൻ പോകുന്ന ടീം വിജയ ഫോമിലേക്ക് തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്.