ലൈംഗിക പീഡനത്തിന് മൂന്നരവയസുകാരി ഇരയായത് സ്വന്തം തെറ്റുമൂലമാണെന്ന് പറഞ്ഞ ജില്ലാ കളക്ടറെ മാറ്റി. തമിഴ്‌നാട്ടിലെ മയിലാടുതുറെ ജില്ലാ കളക്ടര്‍ എപി മഹാഭാരതി നടത്തിയ പ്രസ്‌താവന വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതിയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച മഹാഭാരതി ഇരയുടെ പെരുമാറ്റം ആക്രമണത്തിന് പ്രകോപനം സൃഷ്‌ടിച്ചിരിക്കാമെന്നും അഭിപ്രായപ്പെട്ടു. സീര്‍ക്കാഴി എന്ന സ്ഥലത്താണ് മൂന്നരവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായത്.
‘‘എനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടി അന്ന് രാവിലെ പ്രതിയെ മുഖത്ത് തുപ്പിയതായി വ്യക്തമാക്കിയിട്ടുണ്ട്. അതായിരിക്കാം കാരണം. നമ്മള്‍ ഉറപ്പായും രണ്ടു വശവും പരിശോധിക്കണം,’’ ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം, ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.
‘‘രോഗം വരാതെ സൂക്ഷിക്കുന്നതാണ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ ബോധവത്കരിക്കണം. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ക്ക് കുട്ടികളോട് പറയാന്‍ കഴിയില്ല. മാതാപിതാക്കള്‍ അക്കാര്യങ്ങള്‍ ചെയ്യണം,’’ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മഹാഭാരതി പറഞ്ഞു.
കളക്ടറുടെ പ്രസ്‌താവന പുറത്തു വന്നതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് മഹാഭാരതിയെ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. എബി മഹാഭാരതി ഐഎഎസിനെ മയിലാടുതുറെ ജില്ലാ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി പകരം ഈറോഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണറായ എച്ച്എസ് ശ്രീകാന്തിനെ നിയമിച്ചതായി ഉത്തരവില്‍ പറയുന്നു.
എപി മഹാഭാരതിയുടെ പ്രസ്‌താവന സാമൂഹിക മാധ്യമത്തിലടക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. നിരവധിപേര്‍ അദ്ദേഹത്തിൻ്റെ പ്രസ്‌താവനയ്‌ക്കെതിരേ രംഗത്തെത്തുകയും ഇരയെ കുറ്റപ്പെടുത്തുന്ന നിലപാടിനെതിരേ വിമര്‍ശനം ഉന്നയിക്കുകയുംചെയ്‌തു. തമിഴ്‌നാട്ടിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കളക്ടര്‍ക്കെതിരേ രംഗത്തെത്തി.
‘‘ഭീകരമായ ലൈംഗിക അതിക്രമകേസില്‍ മൂന്നരവയസ്സുള്ള ഇരയും കുറ്റം ചെയ്‌തതായി മയിലാടുതുറൈ ജില്ലാ കളക്ടര്‍ അവകാശപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട് ബിജെപിക്കു വേണ്ടി കളക്ടറടെ അതിരുകടന്ന പരാമര്‍ശങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു,’’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
16 വയസ്സുള്ള ബന്ധുവാണ് മൂന്നര വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രതി ഇരയുടെ മുഖം വികൃതമാക്കി. മുഖത്ത് കല്ലുപയോഗിച്ച് നിരവധി തവണ ഇടിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇതിന് ശേഷം ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ പെണ്‍കുട്ടിയെ ജിപ്‌മെറിലേക്ക് കൊണ്ടു പോകുകയായിരുന്നു. അവിടെ ഐസിയുവിലാണ് പെണ്‍കുട്ടിയുള്ളത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഓള്‍ വിമെന്‍ പോലീസ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.