1 May 2024

പരമാധികാരത്തെ മാനിക്കുന്നില്ല; എക്സ് നിരോധിച്ച് പാകിസ്ഥാൻ

പാകിസ്താൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സാമൂഹ്യമാധ്യമങ്ങൾ ഒരു രാജ്യം നിരോധിക്കുന്നത് പുതിയ സംഭവമല്ല. ഒരു രാജ്യത്തിലെ പൗരന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോ ആ രാജ്യത്തിന്റെ നയങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നതോ ഇത്തരം നിരോധനങ്ങൾക്ക് കാരണമാകാറുണ്ട്. ചില രാജ്യങ്ങളിലെ ഏകാധിപത്യവും ചില വിലക്കുകൾക്ക് കാരണമാണ്. ഇപ്പോൾ മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ചിരിക്കുകയാണ് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്.

ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഇസ്ലാമബാദ് ഹൈക്കോടതിയെ ബുധനാഴ്ച അറിയിച്ചിരുന്നു. നിരോധനത്തെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ എഹ്തിഷാം അബ്ബാസി നൽകിയ ഹർജിയിൽ മറുപടിയായിട്ടാണ് സർക്കാർ കാരണം ബോധിപ്പിച്ചത്. 2024 ഫെബ്രുവരി 17 മുതൽ പാകിസ്താനിൽ എക്സ് സേവനങ്ങൾ തടഞ്ഞിരുന്നു.

പാകിസ്താൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രാലയം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചില ഘടകങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനും അരാജകത്വത്തിലേക്ക് തള്ളിവിടാനും വേണ്ടി പ്രവർത്തിക്കുന്നു. അവയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് എക്സിന്റെ നിരോധനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News