19 May 2024

ഇന്ന് ഇന്ത്യയിൽ മുസ്ലീം ലീഗിനോളം ഗതികെട്ട മറ്റൊരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുമോ എന്ന് സംശയമാണ്

സ്വന്തം തൊപ്പിയുടെ കൂടെ ലീഗിന്റെ സ്വത്വം കൂടി അഴിച്ചു വച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്ന സി.എച്ചിനും ലീഗിനും, മുസ്ലീം ലീഗ് എന്ന നിലയിൽ തന്നെ അഭിമാനത്തോടെ അധികാര കസേര നീട്ടിയത് സി.പി.ഐ. എമ്മാണ്.

| ശ്രീകാന്ത് പികെ

ഇന്ന് ഇന്ത്യയിൽ തന്നെ മുസ്ലീം ലീഗിനോളം ഗതികെട്ട മറ്റൊരു രാഷ്ട്രീയ പാർടി ഉണ്ടാകുമോ എന്ന് സംശയമാണ്. കാലാകാലങ്ങളായി കോൺഗ്രസ് പാർടിയെ പൂജിച്ച് അവരുടെ രാഷ്ട്രീയ ഭിക്ഷാംദേഹിയായി കഴിയണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് എന്തെങ്കിലും ശാപം ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ യു.ഡി.എഫിന്റെ രാഷ്ട്രീയ സമവാക്യങ്ങളിൽ ലീഗിന്റെ ശേഷിയും അവരുടെ നിലപാടും കാണുമ്പോൾ ആനയും ആടും തമ്മിലുള്ള വ്യത്യാസമാണ് ഓർമ്മ വരിക. ചില കണക്കുകൾ നമുക്ക് നോക്കാം.

കേരളത്തിലെ ഭരണ മുന്നണിയായ എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.ഐ.എമ്മാണ് ജനപിന്തുണയിലും സംഘടനാ ബലത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പാർടി എന്നത് ആർക്കും തർക്കമുണ്ടാകുന്ന കാര്യമല്ല. നിയമ സഭയിൽ 61 സീറ്റുകളാണ് ആ പാർടിക്കുള്ളത്. മുന്നണിയിലെ രണ്ടാമത്തെ പാർടിയായ സി.പി.ഐയ്ക്ക് 17 നിയമ സഭാ സീറ്റുകളും. രണ്ട് പാർടികളും തമ്മിലുള്ള സീറ്റ് വ്യത്യാസം 44. സി.പി.ഐ ഇടതു മുന്നണിയിൽ ലോകസഭയിലേക്ക് മത്സരിക്കുന്നത് നാല് സീറ്റുകളിൽ, അതിൽ മൂന്നും വിജയ സാധ്യതയേറിയ സീറ്റുകൾ.

ഇനി യു.ഡി.എഫിന് നിയമ സഭയിലെ പ്രാതിനിധ്യം 41 സീറ്റുകൾ. അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 21 അംഗങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനുള്ളത് 15 അംഗങ്ങൾ. രണ്ട് പാർടികളും തമ്മിലുള്ള വ്യത്യാസം വെറും 6. എന്നിട്ടും യു.ഡി.എഫിൽ നിന്ന് ലീഗ് മത്സരിക്കുന്നത് വെറും 2 പാർലിമെന്റ് സീറ്റുകളിൽ.

വെറും രണ്ട് നിയമ സഭാ സീറ്റുകളുള്ള കേരളാ കോൺഗ്രസ് ജോസഫിനും, കഴിഞ്ഞ രണ്ട് നിയമസഭകളിലും ഒരൊറ്റ സീറ്റ് പോലുമില്ലാത്ത ആർ.എസ്.പിക്ക് പോലും ഓരോ ലോകസഭാ സീറ്റുകൾ ഉള്ളിടത്താണ് ലീഗിന് ഒരു സീറ്റിന് വേണ്ടി ഇങ്ങനെ കരയേണ്ട ഗതികേടുള്ളത്. ഇനി കോൺഗ്രസിനുള്ള 21 സീറ്റുകളിൽ മലബാർ മേഖലയിലെ ഇരിക്കൂർ, കൽപ്പറ്റ, വണ്ടൂർ, പാലക്കാട്, തുടങ്ങി മലബാർ മേഖലയിലെ മുഴുവൻ സീറ്റുകളും ലീഗിന്റെ വോട്ട് ബാങ്കാണ്. ലീഗില്ലെങ്കിൽ അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടി വച്ച കാശ് പോലും പലയിടത്തും കിട്ടില്ല. ഫലത്തിൽ യു.ഡി.എഫിൽ കോൺഗ്രസിനൊപ്പം തന്നെ ശക്തമായ പാർടിയാണ് മുസ്ലീം ലീഗ്. എന്നിട്ടും ഇപ്പോൾ അവരുടെ അവസ്ഥ എന്താണ്?

മൂന്നാം സീറ്റിനായി അവകാശ വാദം ഉന്നയിച്ചത് മുതൽ പല കോൺഗ്രസ് നേതാക്കളുടെ പുച്ഛവും പരിഹാസവും സഹിച്ച് കോൺഗ്രസുകാരുടെ അച്ഛാരം ലഭിക്കുമോയെന്ന് കാത്ത് നിൽക്കേണ്ട ഗതികേട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സീറ്റിനായി അവകാശമുന്നയിച്ച ലീഗിനോട് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായി ത്യാഗം സഹിക്കാനായിരുന്നു കോൺഗ്രസ് മറുപടി. അന്ന് ലാസ്റ്റ് ബസ്സിനായി കേരളം മുഴുവൻ പ്രസംഗിച്ച് നടന്നതിൽ മുൻപന്തിയിൽ ലീഗ് നേതാക്കളാണ്. കോൺഗ്രസിന് ലോകസഭയിൽ അടുക്കി പെറുക്കി കിട്ടിയ പത്തമ്പത് സീറ്റുകളിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച കേരളത്തിൽ ഒഴുകിയതിൽ പകുതി ലീഗിന്റെ വിയർപ്പാണ്.

സമസ്ത മുഖ പത്രമായ സുപ്രഭാതം എഴുതിയ എഡിറ്റോറിയൽ ഇത് ഓർമ്മിപ്പിച്ചു കൊണ്ടാണ്. രാഹുൽ വയനാടിൽ വരുമ്പോൾ സ്റ്റേജിൽ തിക്കി നിറയുന്ന കോൺഗ്രസ് നേതാക്കളും സദസ്സിൽ വെയിലും കൊണ്ട് കൊടി പിടിക്കുന്നത് ലീഗ് അണികളുമാണെന്നും കോൺഗ്രസുമായി ഒരു സൗഹൃദ മത്സരത്തിന് ലീഗ് തയ്യാറാകണമെന്നുമാണ് സുപ്രഭാതം പറയുന്നത്.

സ്വന്തം തൊപ്പിയുടെ കൂടെ ലീഗിന്റെ സ്വത്വം കൂടി അഴിച്ചു വച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്ന സി.എച്ചിനും ലീഗിനും, മുസ്ലീം ലീഗ് എന്ന നിലയിൽ തന്നെ അഭിമാനത്തോടെ അധികാര കസേര നീട്ടിയത് സി.പി.ഐ. എമ്മാണ്.
വലത് മുന്നണിയിൽ വെള്ളം കോരിയും വിറക് വെട്ടിയും ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അമർഷം പ്രകടിപ്പിച്ചും കാലം കഴിക്കാനാണോ ഇനിയും തീരുമാനം എന്ന് നേതാക്കൾക്ക് ചിന്തയില്ലെങ്കിൽ കൂടി ലീഗ് അണികളെങ്കിലും ചിന്തിക്കണം.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News