സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് യുവതിയുടെ ശരീരത്തിൽ ബലമായി ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി പരാതി. യുവതിയുടെ പിതാവാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. സഹാറൻപൂർ സ്വദേശിനിയാണ് ഇരയായ യുവതി.
സംഭവത്തിൽ ഇരയായ യുവതിയുടെ ഭർത്താവ് (32), സഹോദരീ ഭർത്താവ് (38), മറ്റൊരു സഹോദരി ഭർത്താവ് (35), അമ്മായിയമ്മ (56) എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 498 എ (ഭർത്താവോ ബന്ധുക്കളോ സ്ത്രീക്കെതിരെയുള്ള ക്രൂരത), 323 (സ്വമേധയാ പരിക്കേൽപ്പിക്കൽ), 328 (വിഷം നൽകി ഉപദ്രവിക്കൽ), 406 (ക്രിമിനൽ വിശ്വാസ വഞ്ചന), സ്ത്രീധന വകുപ്പുകൾ എന്നിവ പ്രകാരം ഗംഗോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2024 മെയ് മാസത്തിൽ ഹരിദ്വാറിലെ സ്ത്രീയുടെ ഭർതൃവീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
2023 ഫെബ്രുവരിയിൽ മകളെ വിവാഹം കഴിപ്പിച്ചതായും വിവാഹത്തിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായും സ്ത്രീയുടെ പിതാവ് കോടതിയിൽ പറഞ്ഞു. “വരൻ്റെ കുടുംബത്തിന് ഞങ്ങൾ ഒരു സബ്-കോംപാക്റ്റ് എസ്‌യുവിയും 15 ലക്ഷം രൂപയും പണമായി നൽകി. പക്ഷേ അവർ 10 ലക്ഷം രൂപ കൂടി പണവും ഒരു വലിയ എസ്‌യുവിയും ആവശ്യപ്പെട്ടു,” -അദ്ദേഹം പറഞ്ഞു. “വിവാഹദിനം കഴിഞ്ഞയുടനെ അവർ (ഇരയുടെ ഭർതൃവീട്ടുകാർ) യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.
അവർ എൻ്റെ മകളെ അപമാനിച്ചു. മകന് മറ്റൊരു ഭാര്യയെ കണ്ടെത്തുമെന്ന് പറഞ്ഞു. 2023 മാർച്ച് 25ന് അവളെ വീട്ടിൽ നിന്ന് പുറത്താക്കി. അടുത്ത മൂന്ന് മാസത്തേക്ക് ഗ്രാമ പഞ്ചായത്ത് ഇടപെടുന്നതുവരെ അവൾ ഞങ്ങളോടൊപ്പം താമസിച്ചു. അതിനുശേഷം, അവളെ ഭർത്താവിൻ്റെ വീട്ടിലേക്ക് തിരിച്ചയച്ചു. താമസിയാതെ അവളെ വീണ്ടും ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കി,” -പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
എച്ച്ഐവി ബാധിച്ച വ്യക്തി ഉപയോഗിച്ച സിറിഞ്ച് കുത്തിവച്ചു യുവതിയെ കൊല്ലാൻ പിന്നീട് ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ ആരോഗ്യം മോശമായതോടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനയിൽ എച്ച്ഐവി ബാധ ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ഭർത്താവ് അഭിഷേകിൽ നടത്തിയ പരിശോധനയിൽ എച്ച്ഐവി നെഗറ്റീവാണ്.
പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം അഭിഷേകിനെതിരെയും മാതാപിതാക്കൾ അടക്കമുള്ള മറ്റു കുടുംബാംഗങ്ങൾക്ക് എതിരെയും പൊലീസ് കേസെടുക്കുക ആയിരുന്നു.