ചെന്നൈ: എമ്പുരാൻ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ഫണ്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഒരു മണിക്കൂറിൽ ഏറെ റെയ്‌ഡ് തുടർന്നു എന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗോകുലം ഗോപാലൻ്റെ വീട്ടിലും റെയ്‌ഡ് നടന്നു.
ഏത് കേസിലാണ് ഇപ്പോൾ റെയ്‌ഡ് നടത്തുന്നതെന്ന് വ്യക്തമല്ല. ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ് ഫണ്ട്‌സ് കോർപ്പറേറ്റ് ഓഫീസിൽ റെയ്‌ഡ് മണിക്കൂറുകളോളം നീണ്ടു. ഇഡി കൊച്ചി യൂണിറ്റിലെ അംഗങ്ങളും പരിശോധന ടീമിലുണ്ട്.
എമ്പുരാൻ എന്ന സിനിമ മുന്നോട്ടു വെച്ച രാഷ്ട്രീയ പ്രമേയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ റെയ്‌ഡിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. എമ്പുരാൻ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ, ആൻ്റെണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർക്ക് എതിരായ ഇഡി റെയ്‌ഡിനെ കുറിച്ച് പരാമർശിച്ചിരുന്നു.
2023 ഏപ്രിലിൽ മറ്റൊരു കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി ഗോകുലം ഗോപാലനെ രാവിലെ മുതൽ വൈകുന്നേരം വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തു. അതിനുശേഷം, അദ്ദേഹത്തിനെതിരെ ഒരു ഇഡി നടപടിയും സ്വീകരിച്ചിട്ടില്ല.
മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിൻ്റെ പ്രധാന നിർമ്മാതാക്കളിൽ ഒന്നായ ലൈക്ക പ്രൊഡക്ഷൻസ് പിൻവാങ്ങിയിരുന്നു. താമസിയാതെ ഗോകുലം ഗോപാലൻ ചിത്രത്തിൻ്റെ നിർമ്മാതാക്കളിൽ ഒരാളായി മുന്നോട്ടു വരികയായിരുന്നു.