3 July 2024

ഒരു കത്തിന്റെ വില 40 മുതല്‍ 60 ലക്ഷം ഡോളർ വരെ; ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്

എന്നാല്‍, ഇങ്ങനെയൊരു കത്തെഴുതിയതില്‍ ഐന്‍സ്റ്റീന്‍ പശ്ചാത്തപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം, അമേരിക്ക മാത്രമാണ് രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് പ്രയോഗം നടത്തിയത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്. അണുബോംബ് നിർമിക്കുകയെന്ന ലക്ഷ്യത്തിനായി നാസി ജര്‍മനി അണു പരീക്ഷണം നടത്തിയേക്കുമെന്നു കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് ലേലത്തിനു വെയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 40 മുതല്‍ 60 ലക്ഷം വരെ ഡോളർ (33.50 മുതൽ 50 കോടിയോളം വരെ രൂപ) വില പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിലാണ് ലേലം നടക്കുക.

ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ വെച്ച് ലിയോ സില്‍റാഡുമായി ചേര്‍ന്ന് 1939 ഓഗസ്റ്റ് രണ്ടിനാണ് ഐന്‍സ്റ്റീന്‍ കത്ത് തയാറാക്കിയത്. ജര്‍മന്‍ സര്‍ക്കാര്‍ ആണവഗവേഷണത്തെ സജീവമായി പ്രോത്സാഹിപ്പിക്കുന്നതായി ഐന്‍സ്റ്റീന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ സര്‍ക്കാരും ഇതു ചെയ്യണമെന്ന് ഐന്‍സ്റ്റീന്‍ ആവശ്യപ്പെടുന്നു.

ഐൻസ്റ്റീന്റെ മുന്നറിയിപ്പിനുപിന്നാലെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ നേതൃത്വത്തില്‍ അമേരിക്ക അണുപരീക്ഷണത്തിലേക്ക് കടക്കുകയും അണുബോംബ് യാഥാർഥ്യമാക്കുകയും ചെയ്തു. രണ്ടാംലോക മഹായുദ്ധത്തിന്റെ അവസാനത്തിലേക്കു നയിച്ചത് അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതോടെയായിരുന്നു.

കത്തിന്റെ ഒരുഭാഗം നിലവില്‍ ന്യൂയോര്‍ക്കിലെ റൂസ് വെല്‍റ്റ് ലൈബ്രറിയിലാണുള്ളത്. ഐന്‍സ്റ്റീന്‍ ഒപ്പിട്ട രണ്ടാമത്തെ ഭാഗം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അന്തരിച്ച പോള്‍ അലന്റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പുരാവസ്തു ശേഖരം ലേലത്തില്‍ വെച്ചതിന്റെ കൂട്ടത്തിലാണ് ഐന്‍സ്റ്റീന്‍ കത്തും വില്‍പ്പനയ്ക്ക് വെച്ചത്.

”ന്യൂക്ലിയര്‍ ഫിസിക്‌സിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍ യുറേനിയത്തെ പ്രധാനപ്പെട്ട ഊര്‍ജസ്രോതസായി മാറ്റാന്‍ സാധ്യതയുണ്ട്. യുറേനിയത്തില്‍ ന്യൂക്ലിയര്‍ ചെയിന്‍ റിയാക്ഷന്‍ സ്ഥാപിക്കാന്‍ സാധിച്ചേക്കാം. ഈ പുതിയ പ്രതിഭാസം ബോംബുകളുടെ നിര്‍മാണത്തിലേക്കു നയിക്കും”, കത്തില്‍ പറയുന്നു. എന്നാല്‍, ഇങ്ങനെയൊരു കത്തെഴുതിയതില്‍ ഐന്‍സ്റ്റീന്‍ പശ്ചാത്തപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാരണം, അമേരിക്ക മാത്രമാണ് രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് പ്രയോഗം നടത്തിയത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News