സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ, ചീമേനി മുഴക്കോത്ത് സ്വദേശി വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീടിന് സമീപമുള്ള മകൻ്റെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ആയിരുന്നു സൂര്യാഘാതമേറ്റത്. കുഞ്ഞിക്കണ്ണൻ്റെ ശരീരം മുഴുവനും സൂര്യാഘാതത്താൽ പൊള്ളലേറ്റു.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ ഞായറാഴ്‌ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ മാർച്ച് 11ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതേസമയം, സംസ്ഥാനത്തെ നാല് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ അലേർട്ടുകൾ
11/03/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.