| ശ്രീകാന്ത് പികെ
നാളെ പരിസ്ഥിതി ദിനമാണ് . കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ എല്ലാവരും തന്നെ മരം നടൽ മഹാ മഹത്തിലേക്ക് കടക്കുന്ന ദിവസം. നല്ലത് തന്നെയാണ്. തണലിനും പഴങ്ങൾക്കും തടി ആവശ്യത്തിനുമൊക്കെയായി തണൽ വൃക്ഷങ്ങളും ഫല വൃക്ഷങ്ങളും നടുന്നത് ഉപകാരം ചെയ്യും. ഭാവിയിൽ മുറിക്കേണ്ടി വരുമ്പോൾ കെട്ടി പിടിച്ചു കരയലും മരചികിത്സയും ഹോമവുമൊക്കെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചാൽ മാത്രം മതി.
പരിസ്ഥിതി പ്രശ്നങ്ങളും പരിസ്ഥിതി രാഷ്ട്രീയവും വളരെ ഗൗരവകരമായ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്ന ഈയൊരു കാലത്ത് കൊല്ലത്തിൽ ഒരിക്കൽ വരുന്ന ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ഈ മരം നടൽ ആചാരം മാത്രം മതിയോ നമുക്ക്. അൽപ്പം കൂടി സീരിയസ്സായതും ഫലം ചെയ്യുന്നതുമായ യഥാർത്ഥ പാരിസ്ഥിതിക പ്രശ്ങ്ങളിലേക്ക് അല്പമായെങ്കിലും കടക്കേണ്ട സമയമായില്ലേ.
ഇടിമിന്നൽ ഉണ്ടാകുന്നതെങ്ങനെയാണെന്ന് പണ്ട് ലോവർ പ്രൈമറി ക്ലാസിൽ മേഘങ്ങൾ കൂട്ടിയിടിച്ചാണെന്നു പഠിച്ചിരുന്നു, എന്നാൽ ഉയർന്ന ക്ലാസുകളിലേക്ക് കടക്കും തോറും അതങ്ങനെയല്ലെന്നും കൂടുതൽ വിശദമായതും ശാസ്ത്രീയവുമായ കാരണങ്ങൾ പഠിക്കും. ഡിഗ്രി തലത്തിലൊക്കെ കൂടുതൽ ഡീപ്പായി പഠിക്കും. എന്നാൽ നമ്മുടെ പരിസ്ഥിതി പ്രശ്ങ്ങളുടെ കാര്യത്തിൽ എല്ലാവർക്കും ആ ലോവർ പ്രൈമറി ക്ലാസിലെ മേഘങ്ങൾ കൂട്ടി മുട്ടുന്നത് പറയാൻ മാത്രമാണ് താല്പര്യം. എല്ലാത്തിനും പ്രതിവിധിയായി മരം നടലും.
പരിസ്ഥിതി പ്രശ്നം ഒരു ധാർമിക പ്രശ്‌നമല്ലെന്നും അതൊരു രാഷ്ട്രീയ പ്രശ്നമാണെന്നും പരിസ്ഥിതി ജ്ഞാനം നാട്ടു വൈദ്യന്മാർ കൈകാര്യം ചെയ്യേണ്ടുന്ന വിഷയമല്ലെന്നും അതൊരു ശാസ്ത്ര വിഷയമാണെന്നും പുരോഗമന പക്ഷത്തു നിൽക്കുന്ന സംഘടനകളെങ്കിലും ഉത്തരവാദിത്വത്തോട് കൂടി പരിഗണിക്കണം. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ എത്തി നിൽക്കുന്ന മാനവ സമൂഹത്തിൽ മറ്റേതൊരു സാമൂഹിക വിഷയത്തെയും പോലെ ചരിത്ര പരവും ഡയലറ്റിക്കലുമായി ഈ വിഷയത്തേയും സമീപിക്കണം. അത് ചെയ്യേണ്ടവർ ചെയ്യാത്തത് മൂലമാണ് ഇനി വരുന്നൊരു തലമുറക്ക് കവിതയെഴുത്തുകാർ പരിസ്ഥിതി ശാസ്ത്രം പരിസ്ഥിതി സാഹിത്യമാക്കി മാറ്റിയെടുത്തത്.
‘ എന്താണ് പരിസ്ഥിതി ? എന്താണ് ഇന്ന് നമ്മൾ നേരിടുന്ന പാരിസ്ഥതിക പ്രശനങ്ങൾ ? കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകൾക്കുള്ളിൽ ഭൂമിയിൽ സംഭവിച്ച പരിസ്ഥിതി – അന്തരീക്ഷ മാറ്റങ്ങൾ എന്തൊക്കെ ? ഇന്നത്തെ പാരിസ്ഥതിക പ്രയാസങ്ങൾ രൂക്ഷമായി തുടങ്ങിയത് ഏത് കാലം മുതൽ ? അതിനു കാരണം ? ആ കാലത്തിനിടെ വന്ന സാമൂഹിക മാറ്റങ്ങൾ – ഉൽപ്പാദന ബന്ധങ്ങളിലെ മാറ്റങ്ങൾ ? ആ കാലഘട്ടത്തിൽ ഉദയം ചെയ്ത സാമ്പത്തിക നയങ്ങൾ അതിനോട് ബന്ധപ്പെട്ടു വളർന്ന സാമ്പത്തിക ശക്തികൾ, അവയ്ക്ക് ഈ പാരിസ്ഥിതിക പ്രശ്ങ്ങളിൽ പങ്കുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ ? എന്താണ് ആഗോള തപനം അഥവാ ഗ്ലോബൽ വാമിങ്, എന്താണ് കാർബൺ ? എന്താണ് കാർബൺ സംയുക്തങ്ങൾ ? എന്താണ് ക്ളോറോ ഫ്ളൂറോ കാർബണുകൾ ? അവ എങ്ങനെ അന്തരീക്ഷത്തിനു ദോഷം ചെയ്യുന്നു ? അത് കുറക്കാൻ എന്താണ് ചെയ്യേണ്ടത് ? ലോക രാജ്യങ്ങളിൽ ഏത് രാജ്യവും ഏത് വിഭാഗം ജനങ്ങളുമാണ് ഈ വാതക ബഹിർഗമനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ? അതിന് കാരണം എന്താണ് ?
ഓരോ രാജ്യത്തെയും ആളോഹരി ഉപഭോഗം ? ഉപഭോഗത്തിലെ അസമത്വം, അത് എങ്ങനെ പാരിസ്ഥിതിക പ്രശ്ങ്ങൾക്ക് കാരണമാകുന്നു ? എന്താണ് വനം ? എന്താണ് വന വിസ്തൃതി ? ശാസ്ത്രീയമായി ഒരു ഭൂപ്രകൃതിക്ക് ചിട്ടപ്പെടുത്തിയ വനവിസ്‌തൃതി എത്ര ? ഇന്ത്യയിൽ എത്രയുണ്ട് ? കേരളത്തിൽ എത്രയുണ്ട് ? എന്താണ് കൃഷി ? കൃഷിയുടെ ചരിത്രം, എന്താണ് ജൈവ കൃഷി എന്താണ് രാസവള കൃഷി ? കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിൽ മാത്രം കാർഷിക രംഗത്ത് വന്ന മാറ്റം ? ആധുനിക – ശാസ്ത്രീയ കൃഷി രീതി പരിസ്ഥിതിക്കുണ്ടാക്കിയ മേന്മ, ജൈവ കൃഷി എങ്ങനെ പരിസ്ഥിതി ദ്രോഹമാകുന്നു, എങ്ങനെ വന സമ്പത്ത് കുറക്കുന്നു, രാസവള കൃഷി എങ്ങനെ പരിസ്ഥിതി സൗഹൃദമാകുന്നു എങ്ങനെ വന സമ്പത്ത് കാത്ത് സൂക്ഷിക്കുന്നു ? ജനസംഖ്യാ വിസ്ഫോടനം, വാഹന പെരുപ്പം, വിവിധ ഗതാഗത സംവിധാനങ്ങൾ പുറം തള്ളുന്ന കാർബൺ മാലിന്യങ്ങൾ, അവ അന്തരീക്ഷതിൽ ഉണ്ടാക്കുന്ന മാറ്റം ?
കാർബൺ ഫൂട് പ്രിന്റ് കുറഞ്ഞ ഗതാഗത മാർഗ്ഗങ്ങൾ ? ആധുനിക ശാസ്ത്രീയ സമൂഹത്തിൽ കൈകൊള്ളേണ്ടുന്ന വികസന മാതൃകകൾ, ഗതാഗത സംവിധാനങ്ങൾ ? ഫോസിൽ ഇന്ധനങ്ങൾ, അവയ്ക്കുള്ള ബദൽ, ഒഴിവാക്കപ്പെടാവുന്ന യാത്രകളുടെ സാഹചര്യം, പൊതു ഗതാഗത സംവിധാനങ്ങളുടെ ആവശ്യകത, യുദ്ധവും അധിനിവേശങ്ങളും അതുമൂലം സംഭവിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, സാമ്പത്തിക അസമത്വങ്ങളും മൂലധന താല്പര്യങ്ങളും സൃഷ്ടിക്കുന്ന പാരിസ്ഥതിക പ്രത്യാഘാതങ്ങൾ,മൃഗങ്ങൾ, അവയുടെ പ്രത്യുത്പാദനം, അവയുടെ പ്രജനനത്തിൽ ഉണ്ടായ വർദ്ധനവ്, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സന്തുലിത ബന്ധം തുടങ്ങി കാമ്പുള്ള അനേകം വിഷയങ്ങൾ ഒരു ദിവസത്തിലൊതുങ്ങാത്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ള അനേകം രാഷ്ട്രീയ സംഘടനകൾ നമ്മുടെ ചുറ്റും തന്നെയുണ്ട്.
ഒരു നയവും ആ നയം നിർമ്മിക്കുന്ന പദ്ധതിയും ഒരു പൗര സമൂഹത്തിന് സ്വീകാര്യമാകണമെങ്കിൽ ആ നയം ഉൾകൊള്ളാൻ തക്കവണ്ണം സാമൂഹിക വിദ്യാഭ്യാസം ആ സമൂഹത്തിനു ലഭിക്കണം. പരിസ്ഥിതി ശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനും അധീശത്വമുള്ള സമൂഹത്തിൽ മാത്രമേ പരിസ്ഥിതി സൗഹൃദമായ വികസനങ്ങളും യുക്തി സഹമായ പരിസ്ഥിതി ഇടപെടലുകളും സാധ്യമാകൂ. ഇല്ലെങ്കിൽ ഒരു മത രാഷ്ട്രത്തിലെ ദൈവ നിഷേധിയെ പോലെ ആക്ടിവിസ്റ്റ് ശബ്ദമായി പരിമിതപ്പെട്ടു പോകും.ശബ്ദം കേൾക്കും റിസൾട്ടൊന്നും കാണില്ല.