യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്‌താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. അന്താരാഷ്ട്ര ഭീകരവാദത്തിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പാകിസ്‌താനെ ജയശങ്കർ വിളിച്ചത്. ലോകത്ത് നടന്നിട്ടുള്ള പ്രമുഖ ഭീകര ആക്രമണങ്ങളെല്ലാം ഒരു രാജ്യത്തു നിന്നും രൂപം കൊണ്ടവ ആണെന്നും പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു.
ആഗോള ഭീകരവാദത്തിൻ്റെ പ്രഭവ കേന്ദ്രമാണ് അയൽരാജ്യം. സ്വാതന്ത്ര്യകാലം മുതൽ ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്നും പഹൽഗാം ഭീകരാക്രമണം എടുത്തു പറഞ്ഞ് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദം നയമായി സ്വീകരിക്കുകയും വ്യാവസായിക അടിസ്ഥാനത്തിൽ ഭീകര കേന്ദ്രങ്ങൾ തുടങ്ങുകയും ഭീകരരെ പരസ്യമായി മഹത്വ വൽകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആരെങ്കിലും പിന്തുണച്ചാൽ നാളെ തിരിച്ചടിക്കുമെന്ന് പറഞ്ഞ ജയശങ്കർ, ലോകത്ത് നടന്നിട്ടുള്ള പല ഭീകര ആക്രമണങ്ങളുടെയും അടിവേരുകൾ തേടിപോയാൽ എത്തുക പാകിസ്‌താനിൽ ആയിരിക്കുമെന്നും ആരോപിച്ചു.
ഭീകരതയിൽ നിന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനുമുള്ള അവകാശം ഇന്ത്യക്കുണ്ട്. ഭീകരതക്ക് ധനസഹായം നൽകുന്നത് അടിച്ചമർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഭീകരവാദത്തെ തടയുന്നതിലെ യുഎൻ നിലപാടിന് എതിരെയും ജയശങ്കർ വിമർശനം ഉന്നയിച്ചു. ലോകത്ത് സംഘർഷങ്ങൾ വർധിക്കുമ്പോഴും ഭീകരവാദം ശക്തി പ്രാപിക്കുമ്പോഴും യുഎന്നിന് ഒന്നും ചെയ്യാനാകുന്നില്ല എന്നായിരുന്നു ജയശങ്കറിൻ്റെ പരാമർശം.























