| ബേസിൽ നെല്ലിമറ്റത്തിൽ
മുഖം മിനുക്കാനുള്ള ഒരുക്കത്തിലാണ് എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷൻ. മുഖം മിനുക്കുന്ന കൂട്ടത്തിൽ പേര് കൂടെ മാറ്റിയാലോ എന്ന ചിന്തയിലാണ് കൊച്ചി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായാണ് സ്റ്റേഷന്റെ പേര് മാറ്റാം എന്ന് തീരുമാനിച്ച് പ്രേമേയം പാസാക്കിയത്. ഒരുകാലത്ത് നമ്മുടെ രാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരാകുമ്പോൾ പ്രൗഡി കൂടും എന്ന് കരുതിയാകും നൂറ് കൊല്ലം മുമ്പ് കൊച്ചി രാജാവായിരുന്ന രാജർഷി രാമവർമ്മന്‍റെ പേരിടാം എന്ന ചിന്ത വന്നത്.
എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തി. എന്നാൽ ബി.ജെ.പിക്ക് മൃദു സമീപനമാണ്. പൊതുജനങ്ങൾക്കും പേര് മാറ്റുന്നതിനോട് താല്പര്യമില്ല എന്ന നിലപാടാണ് ഉള്ളതെന്നാണ് വാർത്ത. പേര് മാറിയത് കൊണ്ട് കോർപ്പറേഷനോ പൊതുജനങ്ങൾക്കോ കാര്യമായ ഗുണമൊന്നുന്നില്ല എന്നതാണ് വാസ്തവം.

ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജർഷി രാമവർമ്മനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ഈ റെയിൽപാത നിർമിക്കാൻ രാജാവ് പണം കണ്ടെത്തിയത് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റുകൊണ്ടായിരുന്നു എന്നാണ് ചരിത്രം.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയാലും ആളുകൾ പുതിയ പേരുകൾ പറയും എന്ന് തോന്നുന്നില്ല. മാറ്റത്തിനുവേണ്ടി മാറ്റാം എന്നത് മാത്രമാണ് ഇതിലെ കൗതുകം. കേരളത്തിന്‍റെ വന സമ്പത്ത് തുറമുഖത്തെത്തിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് പണമുണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് നിർമിച്ചതാണ് ഈ റെയിൽ പാത. എന്തായാലും സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ അനുമതിയാണ് ഇനി ആവശ്യമുള്ളത്.























